
കുവൈത്ത് സിറ്റി: കുവൈത്തില്‍ തര്‍ക്കത്തിനിടെ രണ്ട് സഹപ്രവര്‍ത്തകരെ കുത്തിക്കൊന്ന പ്രവാസിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ജഡ്‍ജി ഫൈസല്‍ അല്‍ ഹര്‍ബിയുടെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി ബെഞ്ചാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. പ്രതി ഈജിപ്ഷ്യന്‍ പൗരനാണെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് സിറിയക്കാരാണ് പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. വിചാരണയ്‍ക്കൊടുവില്‍ കൊലപാതകം ആസൂത്രിതമല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഈ കുറ്റം ഒഴിവാക്കിയാണ് ശിക്ഷ വിധിച്ചത്. വിചാരണയ്‍ക്കിടെ പ്രതി കുറ്റം സമ്മതിച്ചെങ്കിലും താന്‍ കൊലപാതകം നടത്താന്‍ പദ്ധതിയിട്ട് വന്നതല്ലെന്ന് കോടതിയില്‍ പറഞ്ഞു. തന്നെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്‍തപ്പോള്‍ ദേഷ്യം കാരണം ചെയ്‍തുപോയതാണെന്നായിരുന്നു ഇയാളുടെ വാദം.
ഒരു റസ്റ്റോറന്റില്‍ വെച്ചായിരുന്നു സംഭവം നടന്നത്. ജോലിയെച്ചൊല്ലി പ്രതിയും, ഒപ്പം ജോലി ചെയ്‍തിരുന്ന രണ്ട് പേരും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി. ഇതിന്റെ ഒരു ഘട്ടത്തില്‍ ആത്മ നിയന്ത്രണം നഷ്ടമായ ഈജിപ്ഷ്യന്‍ പൗരന്‍ തന്റെ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് ഇരുവരെയും കുത്തുകയായിരുന്നു. ഉടന്‍ തന്നെ രണ്ട് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ ഏതാനും മിനിറ്റുകള്‍ക്കകം തന്നെ മരിച്ചു. രണ്ടാമന്‍ ഏകദേശം 18 മണിക്കൂറോളം തീവ്രപരിചരണ വിഭാഗത്തില്‍ മരണത്തോട് മല്ലടിച്ച ശേഷമാണ് മരണപ്പെട്ടത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്‍ത പൊലീസ്, കേസ് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറഞ്ഞത്.
Read also: കുവൈത്തില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam