Gulf News : പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയെ കൊന്ന പ്രവാസിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ

By Web TeamFirst Published Dec 27, 2021, 1:49 PM IST
Highlights

പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയ്‍ക്ക് മറ്റ് ചിലരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കുത്തിക്കൊന്ന പ്രവാസിക്ക് യുഎഇയില്‍ പത്ത് വര്‍ഷം ജയില്‍ ശിക്ഷ.

ദുബൈ: പട്ടാപ്പകല്‍ ഭാര്യയെ കുത്തിക്കൊന്ന ഇന്ത്യക്കാരന് ദുബൈ പ്രാഥമിക കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയില്‍ ഇളവ്. 40കാരന്റെ ജീവപര്യന്തം തടവ് റദ്ദാക്കിയ ദുബൈ അപ്പീല്‍ കോടതി പകരം 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തും.

2019 സെപ്‍റ്റംബറിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. താമസ സ്ഥലത്തെ പാര്‍ക്കിങ് ലോട്ടില്‍ വെച്ച് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഇയാള്‍ തന്നെ ദുബൈ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെ പ്രതി പൊലീസിനെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. 2018ല്‍ തന്റെ വീട്ടില്‍ ജോലിക്ക് നിന്ന യുവതിയുമായി പ്രണയത്തിലാവുകയും അവരെ വിവാഹം ചെയ്യുകയുമായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ യുവതിക്ക് താനല്ലാതെ മറ്റ് ചിലരുമായും ബന്ധമുണ്ടെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്തില്‍ നിന്ന് ഇയാള്‍ മനസിലാക്കി. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് ബോധ്യപ്പെട്ടതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

കൊലപാതകം നടന്ന ദിവസം പ്രതി ഭാര്യയെ ഫോണില്‍ വിളിച്ചപ്പോള്‍ താന്‍ ഒരു സുഹൃത്തിനൊപ്പമാണെന്നാണ് അവര്‍ പറഞ്ഞത്. എത്രയും വേഗം വീട്ടിലേക്ക് വരണമെന്ന് പറഞ്ഞെങ്കിലും അത് ഭാര്യ ചെവിക്കൊണ്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ഭാര്യ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് താന്‍ കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

തിരിച്ചെത്തിയ യുവതിയുമായി രൂക്ഷമായ തര്‍ക്കം നടക്കുകയും താമസ സ്ഥലത്തെ പാര്‍ക്കിങ് സ്ഥലത്തുവെച്ച് കുത്തിക്കൊല്ലുകയുമായിരുന്നു. അതിന് ശേഷം മൃതദേഹത്തിന്റെ ഫോട്ടോ എടുത്ത് ഇയാള്‍ പൊലീസിന് അയച്ചുകൊടുത്തു. അന്വേഷണം പൂര്‍ത്തിയാക്കിയ അധികൃതര്‍, ആസൂത്രിത കൊലപാതകത്തിനാണ് കേസ് ചാര്‍ജ് ചെയ്‍തത്. 

click me!