ഒറ്റ ഫോണ്‍ കോളിലൂടെ പ്രവാസിക്ക് നഷ്ടമായത് ബാങ്കിലുണ്ടായിരുന്ന മുഴുവന്‍ സമ്പാദ്യവും

Published : Nov 02, 2022, 07:20 PM IST
ഒറ്റ ഫോണ്‍ കോളിലൂടെ പ്രവാസിക്ക് നഷ്ടമായത് ബാങ്കിലുണ്ടായിരുന്ന മുഴുവന്‍ സമ്പാദ്യവും

Synopsis

തവക്കല്‍നാ ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് പരിശോധിക്കാനെന്ന പേരിലാണ് ഫോണ്‍ കോള്‍ ലഭിച്ചത്. ആപ്ലിക്കേഷനിലെ വിവരങ്ങള്‍ മന്ത്രാലയം പരിഷ്‍കരിക്കുന്നുണ്ടെന്ന് അറിയിക്കുകയും ഇതിനായി ചില വിവരങ്ങള്‍ ചോദിക്കുകയുമായിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ തട്ടിപ്പുകാരുടെ കെണിയില്‍ കുരുങ്ങിയ പ്രവാസിക്ക് തന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നു മുഴുവന്‍ പണവും നഷ്ടമായി. ജിദ്ദയില്‍ ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശിക്കാണ് ഈ ദുര്യോഗം. സീനിയര്‍ എഞ്ചിനീയറായ അദ്ദേഹത്തെ ഒറ്റ ഫോണ്‍ കോളിലൂടെ തട്ടിപ്പുകാര്‍ കെണിയില്‍ വീഴ്ത്തുകയായിരുന്നു.

തവക്കല്‍നാ ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് പരിശോധിക്കാനെന്ന പേരിലാണ് ഫോണ്‍ കോള്‍ ലഭിച്ചത്. ആപ്ലിക്കേഷനിലെ വിവരങ്ങള്‍ മന്ത്രാലയം പരിഷ്‍കരിക്കുന്നുണ്ടെന്ന് അറിയിക്കുകയും ഇതിനായി ചില വിവരങ്ങള്‍ ചോദിക്കുകയുമായിരുന്നു. എന്നാല്‍ തട്ടിപ്പിനുള്ള ശ്രമമാണെന്ന് സംശയം തോന്നിയതിനാല്‍ വ്യക്തിഗത വിവരങ്ങളൊന്നും നല്‍കിയില്ല. അതേസമയം മൊബൈല്‍ ഫോണില്‍ ലഭിച്ച ഒരു ഒ.ടി.പി പറഞ്ഞുകൊടുക്കുകയും ചെയ്‍തു.

പിറ്റേദിവസവും സമാനമായ ടെലിഫോണ്‍ കോള്‍ ലഭിച്ചെങ്കിലും പ്രതികരിച്ചില്ല. അന്ന് വൈകുന്നേരം മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കാതെയായി. എന്താണ് സംഭവിച്ചതെന്നറിയാന്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ മൊബൈല്‍ കണക്ഷന്‍ മറ്റൊരു ടെലികോം ഓപ്പറേറ്ററിലേക്ക് മാറിയെന്നായിരുന്നു മറുപടി. ഉപഭോക്താവിന്റെ ഫോണിലേക്ക് ലഭിച്ച ഒ.ടി.പി പറഞ്ഞുകൊടുത്തപ്പോള്‍ തട്ടിപ്പുകാര്‍ അത് ഉപയോഗിച്ച് കണക്ഷന്‍ മറ്റൊരു കമ്പനിയിലേക്ക് മാറ്റുകയും പുതിയ സിം എടുക്കുകയുമായിരുന്നു.

ഈ സിം ഉപയോഗിച്ച് പ്രവാസിയുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ കൈക്കലാക്കി. കെണി മനസിലാക്കി ബാങ്കിനെ സമീപിച്ചെങ്കിലും അതിനു മുമ്പ് തന്നെ അക്കൗണ്ടിലെ പണം നഷ്ടമായിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നെന്ന വ്യാജേന നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ട്. ഇത്തരം ഫോണ്‍കോളുകളോ സന്ദേശങ്ങളോ വിശ്വസിച്ച് വിവരങ്ങള്‍ കൈമാറരുതെന്ന് സ്വദേശികളോടും പ്രവാസികളോടും അധികൃതര്‍ നിരന്തരം ആവശ്യപ്പെടാറുണ്ട്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന നിരവധി സംഘങ്ങളെ പൊലീസ് പിടികൂടുകയും ചെയ്തിട്ടുണ്ട്.

Read also: പിതാവ് ആരാണെന്ന് വ്യക്തമല്ലെങ്കിലും ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കും; സുപ്രധാന നിയമ ഭേദഗതിയുമായി യുഎഇ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി