
ദുബൈ: സ്വന്തം രാജ്യക്കാരനെ സാമ്പത്തിക തര്‍ക്കത്തിനിടെ കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയില്‍ മറവു ചെയ്ത പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ദുബൈ പ്രാഥമിക കോടതി. സ്വന്തം രാജ്യക്കാരനായ 40കാരനെ കഴുത്തില്‍ കുത്തുകയും നട്ടെല്ലിന് ഗുരുതര പരിക്കേല്‍പ്പിക്കുകയും ചെയ്ത പാകിസ്ഥാനിയെയാണ് കോടതി തടവുശിക്ഷയ്ക്ക് വിധിച്ചത്.
കൊലപാതകത്തിന് ശേഷം 30കാരനായ മറ്റൊരു യുവാവിന്റെ സഹായത്തോടെ പ്രതി മൃതദേഹം കാറിനുള്ളില്‍ കയറ്റി ഷാര്‍ജയിലെ മരുഭൂമിയില്‍ മറവു ചെയ്യുകയായിരുന്നു. 2019 ഒക്ടോബറിലാണ് സംഭവം നടന്നത്. മരണപ്പെട്ടയാളുടെ സുഹൃത്താണ് ബര്‍ ദുബൈ പൊലീസ് സ്റ്റേഷനില്‍ ഇയാളെ കാണാനില്ലെന്ന് പരാതി നല്‍കിയത്. അന്വേഷണത്തില്‍ പാകിസ്ഥാനിയായ യുവാവാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇയാളായിരുന്നു മരണപ്പെടുന്നതിന് മുമ്പ് പ്രവാസിയെ അവസാനമായി കണ്ടത്.
അന്വേഷണത്തിനൊടുവില്‍ പ്രതി അറസ്റ്റിലായി. സാമ്പത്തിക തര്‍ക്കത്തിന്റെ പേരിലാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും മരണം ഉറപ്പാകുന്നത് വരെ നോക്കി നിന്നെന്നും പ്രതി കുറ്റസമ്മതം നടത്തിയതായി സ്വദേശി പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കേസിലെ രണ്ടാം പ്രതി മൃതദേഹം മറവു ചെയ്യാന്‍ ഇയാളെ സഹായിച്ചിരുന്നു. ജബല്‍ അലി ഏരിയയില്‍ മറവ് ചെയ്യാന്‍ നോക്കിയെങ്കിലും അതിന് കഴിയാത്തതിനാല്‍ മറ്റൊരിടത്തേക്ക് പോകുകയായിരുന്നു.
മൃതദേഹം മറവുചെയ്ത സ്ഥലം പ്രതികള്‍ പൊലീസിന് കാണിച്ചുകൊടുത്തു. നട്ടെല്ലിന് ആഴത്തിലുണ്ടായ മുറിവ് മരണത്തിന് കാരണമാകുകയായിരുന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. ആസൂത്രിതമായ കൊലപാതകത്തിന് മുഖ്യ പ്രതിയായ പാകിസ്ഥാനിക്കെതിരെ കുറ്റം ചുമത്തിയിരുന്നു. മൃതദേഹം മറവു ചെയ്‌യാന്‍ സഹായിച്ച രണ്ടാം പ്രതിക്ക് കോടതി അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചു. രണ്ട് പ്രതികളെയും ശിക്ഷാ കാലാവധി കഴിഞ്ഞ് നാടുകടത്തും. വിധിയില്‍ 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam