വിശുദ്ധ റമദാനോടനുബന്ധിച്ച്, യുഎഇ 'ഹദ് അൽ ഹയാത്ത്' എന്ന പേരിൽ ഒരു പുതിയ മാനുഷിക സംരംഭം ആരംഭിച്ചു. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ഈ ക്യാമ്പയിൻ, പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്ന 50 ലക്ഷം കുട്ടികളെ സഹായിക്കാൻ ലക്ഷ്യമിടുന്നു. 

ദുബായ്: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി 50 ലക്ഷം കുട്ടികളെ പട്ടിണിയിൽ നിന്നും പോഷകാഹാരക്കുറവിൽ നിന്നും രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള മാനുഷിക സംരംഭത്തിന് തുടക്കമിട്ട് യുഎഇ. 'ഹദ് അൽ ഹയാത്ത്' എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

പട്ടിണിയും പോഷകാഹാരക്കുറവും മൂലം പ്രയാസമനുഭവിക്കുന്ന അഞ്ച് വയസ്സിൽ താഴെയുള്ള 50 ലക്ഷം കുട്ടികളെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രാദേശികമായും അന്തർദേശീയമായും ചുരുങ്ങിയത് ഒരു ബില്യൺ ദിർഹം (100 കോടി ദിർഹം) സംഭാവനയായി സമാഹരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിന്റെ നേതൃത്വത്തിൽ യുണിസെഫ്, സേവ് ദി ചിൽഡ്രൻ, ആക്ഷൻ എഗൈൻസ്റ്റ് ഹംഗർ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികൾ പട്ടിണി മൂലം മരണത്തിന് കീഴടങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. ‘കഴിഞ്ഞ വർഷം മാത്രം ലോകമെമ്പാടുമുള്ള 11.8 കോടി കുട്ടികൾക്ക് പോഷകാഹാരക്കുറവ് ഉണ്ടായി. ഇതിൽ 26 ലക്ഷം കുട്ടികൾ പട്ടിണി മൂലം മരിച്ചു. ഇത്തരമൊരു മാനുഷിക ദുരന്തത്തിന് ലോകം സാക്ഷ്യം വഹിക്കുമ്പോൾ നിസ്സംഗത പാലിക്കുന്നത് നമ്മുടെ സ്വഭാവത്തിലോ മൂല്യങ്ങളിലോ ഉള്ളതല്ല,’ അദ്ദേഹം എക്‌സിൽ കുറിച്ചു.

ഓരോ വർഷവും റമദാനിൽ യുഎഇ ലോകത്തിനായി സമർപ്പിക്കുന്ന മാനുഷിക പദ്ധതികളുടെ ഭാഗമായാണ് 'ഹദ് അൽ ഹയാത്ത്' പ്രഖ്യാപിച്ചത്. പട്ടിണി പാവങ്ങളെ ഊട്ടുന്നതിനും ദരിദ്രരെ സഹായിക്കുന്നതിനുമായി ഈ പുണ്യമാസത്തിൽ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മുൻവർഷങ്ങളിൽ 'വൺ ബില്യൺ മീൽസ്' ഉൾപ്പെടെയുള്ള വിജയകരമായ ക്യാമ്പയിനുകൾക്ക് ശേഷമാണ് അതിനേക്കാൾ വലിയൊരു ലക്ഷ്യവുമായി ദുബായ് ഭരണാധികാരി രംഗത്തെത്തുന്നത്.