മലയാളികളെ വിടാതെ ഗള്‍ഫിലെ ഭാഗ്യം; പത്തനംതിട്ടക്കാരന് 20 കോടി സമ്മാനം

By Web TeamFirst Published Nov 4, 2018, 7:03 PM IST
Highlights

ദുബായില്‍ ഡ്രാഫ്റ്റ്സ്‍മാനായി ജോലി ചെയ്യുന്ന ബ്രിറ്റി മാര്‍ക്കോസ് ഇത് അഞ്ചാം തവണയാണ് ടിക്കറ്റെടുക്കുന്നത്. നിരവധി മലയാളികള്‍ക്ക് സമ്മാനം ലഭിക്കുന്നതിനാല്‍ ഓരോ തവണയും വലിയ പ്രതീക്ഷയോടെയാണ് താന്‍ ഭാഗ്യം പരീക്ഷിച്ചിരുന്നതെന്ന് അദ്ദേഹം പറയുന്നു. 

അബുദാബി: കണ്ണടച്ച് തുറന്നപ്പോഴേക്കും അബുദാബിയില്‍ കോടീശ്വരനായി മാറിയിരിക്കുകയാണ് ഒരു മലയാളി. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബിഗ് ടിക്കറ്റെടുത്ത പത്തനംതിട്ടക്കാരന്‍ ബ്രിറ്റി മാര്‍ക്കോസിനാണ് ഒരു കോടി ദിര്‍ഹം (ഏകദേശം 20 കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. പനിയും തൊണ്ടവേദനയും കാരണം വിശ്രമിക്കുകയായിരുന്നതിനാല്‍ അപ്രതീക്ഷിത ഭാഗ്യം അദ്ദേഹത്തിന് ആഘോഷിക്കാനും കഴിഞ്ഞില്ല.

ദുബായില്‍ ഡ്രാഫ്റ്റ്സ്‍മാനായി ജോലി ചെയ്യുന്ന ബ്രിറ്റി മാര്‍ക്കോസ് ഇത് അഞ്ചാം തവണയാണ് ടിക്കറ്റെടുക്കുന്നത്. നിരവധി മലയാളികള്‍ക്ക് സമ്മാനം ലഭിക്കുന്നതിനാല്‍ ഓരോ തവണയും വലിയ പ്രതീക്ഷയോടെയാണ് താന്‍ ഭാഗ്യം പരീക്ഷിച്ചിരുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത്തവണ എന്തുകൊണ്ടോ സമ്മാനം ലഭിക്കുമെന്നൊരു ചിന്തയുമുണ്ടായി. സമ്മാന വിവരം അറിയിച്ചപ്പോള്‍ ബ്രിറ്റി ഒരുനിമിഷം സ്തംബ്ധനായിപ്പോയെന്നാണ് അധികൃതരും പറഞ്ഞത്. 

ഏതൊരു സാധാരണ പ്രവാസിയെയും പോലെ തിരിച്ചടയ്ക്കാനുള്ള കടങ്ങളും സ്വപ്നത്തിലുമുള്ള വീടുമൊക്കെയാണ് ബ്രിറ്റിയുടെ മനസില്‍. മറ്റൊരാള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നത് മതിയാക്കി സ്വന്തമായൊരു ബിസിനസ് തുടങ്ങാമെന്നും അദ്ദേഹം ആലോചിക്കുന്നുണ്ട്. അത് കേരളത്തിലാണോ യുഎഇയില്‍ തന്നെയാണോ എന്നൊന്നും തീരുമാനിക്കാനുള്ള  സാവകാശം അദ്ദേഹത്തിന് കിട്ടിയിട്ടില്ല. ബ്രിറ്റിയുടെ ഭാര്യയും രണ്ട് മക്കളും നാട്ടിലാണ്. ശനിയാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം നേടിയ പത്തിൽ ഒൻപത് പേരും ഇന്ത്യക്കാരാണ്. ഇതിൽ എട്ട് പേരും മലയാളികളുമാണ്.

click me!