
മനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ പ്രവാസി യുവാവ് അറസ്റ്റിലായി. ഹെറോയിന്‍ അടങ്ങിയ 98 ക്യാപ്‍സൂളുകള്‍ സ്വന്തം വയറിലൊളിപ്പിച്ചാണ് ഇയാള്‍ കൊണ്ടുവന്നത്. എന്നാല്‍ ബഹ്റൈനില്‍ പ്രവേശിച്ച ശേഷം ഇവ പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതിനാല്‍ തിരികെ നാട്ടിലേക്ക് തന്നെ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. പിന്നീട് ശസ്‍ത്രക്രിയ നടത്തി ലഹരി ഗുളികകള്‍ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസമാണ് ഈ കേസിന്റെ വിചാരണ ബഹ്റൈന്‍ കോടതിയില്‍ ആരംഭിച്ചത്. 27 വയസുകാരനാണ് പ്രതി. ഇയാള്‍ പാകിസ്ഥാന്‍ പൗരനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ നാലിന് ഇയാള്‍ പാകിസ്ഥാനില്‍ നിന്ന് ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തി. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി പിടിക്കപ്പെടാതെ പുറത്തിറങ്ങി മുന്‍നിശ്ചയിച്ച പ്രകാരം ഒരു ഹോട്ടലിലേക്ക് പോയി. ഇവിടെ വെച്ച് മലവിസര്‍ജനം നടത്തി ഗുളികകള്‍ പുറത്തെടുത്ത് സംഘാങ്ങള്‍ക്ക് കൈമാറണമെന്നായിരുന്നു ധാരണ. അന്താരാഷ്‍ട്ര വിപണിയില്‍ 1,00,000 ബഹ്റൈനി ദിനാര്‍ (2.1 കോടിയിലധികം ഇന്ത്യന്‍ രൂപ) മൂല്യമുള്ള മയക്കുമരുന്നായിരുന്നു ഇയാളുടെ ശരീരത്തിലുണ്ടായിരുന്നത്.
ഹോട്ടലില്‍ വെച്ച് ഒരാഴ്ച ശ്രമിച്ചിട്ടും ഇയാള്‍ക്ക് മയക്കുമരുന്ന് പുറത്തെടുക്കാന്‍ സാധിച്ചില്ല. ഇവിടെ ഒപ്പമുണ്ടായിരുന്ന ഒരു ബംഗ്ലാദേശ് പൗരനോട് താന്‍ നാട്ടിലേക്ക് തന്നെ മടങ്ങുകയാണെന്ന് ഇയാള്‍ അറിയിച്ചു. എന്നാല്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇയാള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്‍തു. ഇത് വകവെയ്‍ക്കാതെ ജൂണ്‍ 11ന് നാട്ടിലേക്ക് മടങ്ങാന്‍ യുവാവ് വിമാനത്താവളത്തിലെത്തി. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് വിമാനത്താവളത്തില്‍ വെച്ച് യുവാവിനെ ബഹ്റൈന്‍ അധികൃതര്‍ അറസ്റ്റ് ചെയ്‍തു.
സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് കൊണ്ടുപോയ പ്രതിയെ അവിടെ വെച്ച് ശസ്‍ത്രക്രിയക്ക് വിധേയനാക്കിയാണ് മയക്കുമരുന്ന് പുറത്തെടുത്തത്. നാട്ടിലുള്ള ഒരാള്‍ 250 ദിനാറും (53,000 ഇന്ത്യന്‍ രൂപ) ജോലിയും വാഗ്ദാനം ചെയ്‍തിരുന്നുവെന്നും അതുകൊണ്ടാണ് 98 ക്യാപ്‍സൂളുകള്‍ വിഴുങ്ങിയ ശേഷം ബഹ്റൈനിലേക്ക് വന്നതെന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുറ്റം നിഷേധിച്ചു. കേസിന്റെ തുടര്‍ വിചാരണ പിന്നീട് നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam