
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ ഇലക്ട്രോണിക് നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം (2.3 കോടിയിലേറെ ഇന്ത്യൻ രൂപ) നേടി മുന്‍ പ്രവാസിയായ ഇന്ത്യക്കാരന്‍. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിലാണ് മുമ്പ് ദുബൈയില്‍ ജോലി ചെയ്തിരുന്ന കര്‍ണാടക സ്വദേശി സുന്ദര്‍ മരകല സമ്മാനം നേടിയത്.
ഇപ്പോള്‍ നാട്ടില്‍ താമസിക്കുന്ന ഇദ്ദേഹത്തിന് 60 വയസ്സാണ്. ദുബൈയില്‍ 25 വര്‍ഷം പ്രവാസിയായിരുന്ന സുന്ദര്‍ പിന്നീട് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. 2021 വരെ ഇദ്ദേഹം ദുബൈയിലായിരുന്നു. ഇപ്പോള്‍ നാട്ടില്‍ വിശ്രമ ജീവിതം ആസ്വദിക്കുമ്പോഴാണ് ഭാഗ്യം തേടിയെത്തിയത്. ഭാര്യയും ഒരു മകളുമാണ് സുന്ദറിനുള്ളത്. എമിറേറ്റില്‍ താമസിച്ചിരുന്നപ്പോഴാണ് സുന്ദര്‍ ആദ്യമായി ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയുന്നത്. ആദ്യം ഓഫീസിലെ സുഹൃത്തുക്കള്‍ക്കൊപ്പം ടിക്കറ്റ് വാങ്ങി തുടങ്ങി പിന്നീട് തനിയെ ടിക്കറ്റ് എടുത്ത് തുടങ്ങി.
ഏതാണ്ട് എല്ലാ മാസവും ഇദ്ദേഹം തനിയെ ടിക്കറ്റ് വാങ്ങിയിരുന്നു. ഇതെന്‍റെ ആദ്യ വിജയമാണെന്നും ആദ്യം സമ്മാന വിവരം വിശ്വസിക്കാനായില്ലെന്നും സുന്ദര്‍ പറഞ്ഞു. ആദ്യം ഇതൊരു പ്രാങ്ക് കോള്‍ ആണെന്നാണ് അദ്ദേഹം കരുതിയത്. പെട്ടെന്ന് കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നും പ്രാങ്ക് കോള്‍ അല്ലെന്ന് ഉറപ്പിക്കുന്നതിനായി നോക്കിയപ്പോള്‍ യുഎഇ നമ്പര്‍ കണ്ടു, ഇത് ആശ്വാസം നല്‍കിയെന്നും സത്യമാണെന്ന് സ്ഥിരീകരിച്ചെന്നും സുന്ദര്‍ പറഞ്ഞു.
Read Also - സൗദിയിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനത്തിന് എമർജൻസി ലാൻഡിങ്; എഞ്ചിനിൽ തീ, കാരണം പക്ഷി ഇടിച്ചത്
സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ പണത്തില്‍ ഒരു പങ്ക് തന്‍റെ സഹോദരിക്കും കുടുംബത്തിനും നല്‍കാന്‍ താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാക്കി തുക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ഇനിയും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നത് തുടരാനാണ് സുന്ദറിന്‍റെ തീരുമാനം. സ്ഥിരമായി ബിഗ് ടിക്കറ്റില്‍ പങ്കെടുക്കണമെന്നും എപ്പോഴാണ് ഭാഗ്യം തെളിയുകയെന്ന് അറിയില്ലെന്നുമാണ് മറ്റുള്ളവരോട് സുന്ദറിന് പറയാനുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ