
ദുബൈ: ലീവ് എടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മാനേജറെ കുത്തിക്കൊന്ന പ്രവാസിക്ക് ദുബൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ദുബൈയിലെ അല്‍ ഖൂസ് ഇന്ഡസ്‍ട്രിയല്‍ ഏരിയ 2ല്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഗ്യാരേജ് ഉടമയാണ് കൊല്ലപ്പെട്ടത്. 2020 ജൂണില്‍ നടന്ന കൊലപാതകത്തില്‍ ദുബൈ ക്രിമിനല്‍ കോടതി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു.
രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയ തൊഴിലാളികളാണ് പൊലീസില്‍ വിവരമറിയിച്ചത്. കഴുത്തിലും വയറിലും പരിക്കുകളും തലയ്‍ക്ക് കാര്യമായ ക്ഷതവും ഏറ്റിട്ടുണ്ടെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ മനസിലായി. മുഖത്ത് ഉള്‍പ്പെടെ അടിയേറ്റ പാടുകളുണ്ടായിരുന്നു. മൃതദഹത്തിനടുത്ത് നിന്ന് ഒരു കത്തിയും കത്രികയും ഇരുമ്പ് ചുറ്റികയും പൊലീസ് കണ്ടെടുത്തു.
ചില സാധനങ്ങള്‍ വാങ്ങാനായി തങ്ങള്‍ 20 മിനിറ്റ് പുറത്തുപോയിരുന്നെന്നും, തിരികെ വന്നപ്പോള്‍ ഗ്യാരേജിന്റെ ഡോര്‍ അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് പിന്‍ വാതിലിലൂടെ അകത്ത് കടന്നപ്പോഴാണ് മാനേജറുടെ മൃതദേഹം കണ്ടെതെന്നും തൊഴിലാളികള്‍ മൊഴി നല്‍കി. ഇതോടെ ഈ സമയം മറ്റുള്ളവര്‍ക്കൊപ്പം ഇല്ലാതിരുന്ന ഒരു തൊഴിലാളിക്ക് നേരെയായി സംശയം. ഇയാള്‍ക്കായി നടത്തിയ അന്വേഷണത്തിനൊടുവില്‍ ദുബൈയില്‍ സ്വന്തം രാജ്യത്തിന്റെ കോണ്‍സുലേറ്റിന് സമീപത്തുവെച്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‍തു. എത്രയും വേഗം രാജ്യം വിടുന്നതിനായി ചില പേപ്പറുകള്‍ ശരിയാക്കുന്നതിനാണ് കോണ്‍സുലേറ്റിന്റെ സഹായം തേടിയതെന്ന് പ്രതി പറഞ്ഞു.
നാട്ടിലേക്ക് പോകുന്നതിനായി വാര്‍ഷിക അവധി എടുക്കുന്ന കാര്യത്തില്‍ മാനേജറുമായി തര്‍ക്കമുണ്ടായെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു. തനിക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പ്രതി, മാനേജറോട് ആവശ്യപ്പെട്ടു. എന്നാല്‍ ലീവ് എടുക്കുന്ന തീയ്യതിയെച്ചൊല്ലി പ്രതിയും മാനേജറും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നു. പ്രകോപിതനായ മാനേജര്‍ തന്റെ മുറിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പ്രതിയോട് ആവശ്യപ്പെട്ടു. താന്‍ അപമാനിതനായതിന് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ച ഇയാള്‍, താഴെ നിലയിലേക്ക് പോയി ഗ്യാരേജിലെ പ്രധാന വാതില്‍ അകത്ത് നിന്ന് പൂട്ടിയ ശേഷം കത്തിയും മറ്റ് ആയുധങ്ങളുമായെത്തി ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. കുത്തിക്കൊന്ന ശേഷം ചുറ്റിക കൊണ്ട് തലയ്‍ക്കടിക്കുകയും ചെയ്‍തുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam