ആകര്‍ഷകമായ നിരക്കില്‍ കറന്‍സി എക്സ്ചേഞ്ച്; ഫേസ്‍ബുക്ക് പരസ്യം കണ്ട് ചെന്നപ്പോള്‍ നഷ്ടമായത് വന്‍തുക

Published : Apr 29, 2023, 08:31 PM IST
ആകര്‍ഷകമായ നിരക്കില്‍ കറന്‍സി എക്സ്ചേഞ്ച്; ഫേസ്‍ബുക്ക് പരസ്യം കണ്ട് ചെന്നപ്പോള്‍ നഷ്ടമായത് വന്‍തുക

Synopsis

തട്ടിപ്പുകാരില്‍ ഒരാള്‍ തന്റെ കാറുമായി ഇവിടെ എത്തുകയും ഒരു കെട്ട് വ്യാജ ഡോളറുകള്‍ ഇയാളുടെ കാറിന്റെ പാസഞ്ചര്‍ സീറ്റിലേക്ക് എറിഞ്ഞുകൊടുക്കുകയുമായിരുന്നു. ശേഷം അത് പരിശോധിക്കാന്‍ അനുവദിക്കുന്നിന് മുമ്പ് 10,000 ദിര്‍ഹം യുഎഇ കറന്‍സി തട്ടിപ്പറിച്ച് തന്റെ വാഹനവുമെടുത്ത് ഇയാള്‍ മറ്റ് കാറുകള്‍ക്കിടയിലൂടെ രക്ഷപ്പെട്ടു.

ദുബൈ: ആകര്‍ഷകമായ നിരക്കില്‍ കറന്‍സി എക്സ്ചേഞ്ച് വാഗ്ദാനം ചെയ്‍ത് തട്ടിപ്പ് നടത്തിയ നാല് വിദേശികള്‍ ദുബൈയില്‍ അറസ്റ്റിലായി. ദിര്‍ഹം വാങ്ങി ഡോളര്‍ നല്‍കാമെന്നതായിരുന്നു ഇവരുടെ വാഗ്ദാനം. ശേഷം പണം വാങ്ങി അതുമായി മുങ്ങിയ ഇവര്‍ക്കെതിരെ തട്ടിപ്പിന് ഇരയായ ആള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

ദേരയിലെ ഒരു ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു തട്ടിപ്പ് നടന്നതെന്ന് പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞു. ആകര്‍ഷകമായ നിരക്കില്‍ കറന്‍സി എക്സ്ചേഞ്ച് സേവനം വാഗ്ദാനം ചെയ്യുന്ന ഒരു ഫേസ്‍ബുക്ക് പരസ്യം കണ്ടാണ് താന്‍ ഇവരുമായി ബന്ധപ്പെട്ടത്. 10,000 ദിര്‍ഹത്തിന് 10,000 ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് സമ്മതിച്ചു. ദേരയിലെ ഒരു ഹോട്ടലിന് എതിര്‍വശത്തുള്ള പാര്‍ക്കിങ് ലോട്ടില്‍ വെച്ച് കണ്ടുമുട്ടി പണം കൈമാറാമെന്ന പദ്ധതിയും തയ്യാറാക്കി.

തട്ടിപ്പുകാരില്‍ ഒരാള്‍ തന്റെ കാറുമായി ഇവിടെ എത്തുകയും ഒരു കെട്ട് വ്യാജ ഡോളറുകള്‍ ഇയാളുടെ കാറിന്റെ പാസഞ്ചര്‍ സീറ്റിലേക്ക് എറിഞ്ഞുകൊടുക്കുകയുമായിരുന്നു. ശേഷം അത് പരിശോധിക്കാന്‍ അനുവദിക്കുന്നിന് മുമ്പ് 10,000 ദിര്‍ഹം യുഎഇ കറന്‍സി തട്ടിപ്പറിച്ച് തന്റെ വാഹനവുമെടുത്ത് ഇയാള്‍ മറ്റ് കാറുകള്‍ക്കിടയിലൂടെ രക്ഷപ്പെട്ടു. തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാല് പേരിലേക്കാണ് സംശയം നീണ്ടത്. ഇവരെ അറസ്റ്റ് ചെയ്‍ത് ചോദ്യം ചെയ്‍തു. ഒരു വര്‍ഷം മുമ്പ് സന്ദര്‍ശക വിസിയിലാണ് താന്‍ യുഎഇയില്‍ എത്തിയതെന്നും പിന്നീട് തന്റെ നാട്ടുകാര്‍ നടത്തുന്ന തട്ടിപ്പ് സംഘത്തിന്റെ ഭാഗമായി മാറുകയായിരുന്നുവെന്നും പ്രതികളില്‍ ഒരാള്‍ പൊലീസിനോട് പറഞ്ഞു. തങ്ങളുടെ രാജ്യത്തിരുന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്ന ഒരാളാണ് സൂത്രധാരന്‍. അയാളുട നിര്‍ദേശം അനുസരിച്ചാണ് എല്ലാവരും പ്രവര്‍ത്തിച്ചിരുന്നത്. ഓരോരുത്തര്‍ക്കും റോളുകള്‍ നിശ്ചയിച്ച് നല്‍കിയതും ഇയാള്‍ തന്നെയായിരുന്നു.

സമീപത്ത് പൊലീസുകാര്‍ ആരെങ്കിലും ഉണ്ടോയെന്ന് നിരീക്ഷിക്കുകയായിരുന്നു തന്റെ ജോലിയെന്ന് രണ്ടാമന്‍ പറഞ്ഞു. എല്ലാവര്‍ക്കും 500 ദിര്‍ഹം വീതമായിരുന്നു പ്രതിഫലം നിശ്ചയിച്ചിരുന്നതെന്നും ഇയാള്‍ പറഞ്ഞു. ഇരകളെ കണ്ടെത്തി മോഹന വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പിന് സജ്ജമാക്കിയിരുന്നത് യുഎഇക്ക് പുറത്തുള്ള സൂത്രധാരനായിരുന്നു. യുഎഇയിലുള്ള നാലംഗം സംഘവും തട്ടിപ്പ് സമയത്ത് അടുത്ത് തന്നെ ഉണ്ടായിരുന്നു. ഒരാള്‍ മാത്രമാണ് ഇരയുടെ അടുത്തെത്തി പണം തട്ടിയെടുക്കുന്നതെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ മറ്റുള്ളവര്‍ കൂടി ഇടപെടുമെന്നതായിരുന്നു ധാരണ.

ദുബൈ ക്രിമിനല്‍ കോടതിയില്‍ കഴിഞ്ഞ ദിവസം കേസിന്റെ വിചാരണ പൂര്‍ത്തിയായപ്പോള്‍ നാല് പ്രതികള്‍ക്കും മൂന്ന് മാസം വീതം ജയില്‍ ശിക്ഷയാണ് വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ യുഎഇയില്‍ നാടുകടത്തും. സംഘത്തിലെ ഓരോരുത്തരും 10,000 ദിര്‍ഹം വീതം പിഴ അടയ്ക്കുകയും വേണം.

Read also:  പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം