
മനാമ: ബഹ്റൈനില്‍ ജോലി ചെയ്‍തിരുന്ന മലയാളി വീട്ടമ്മ നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. രാമപുരം ഇടിയനാല്‍ പാണങ്കാട്ട് സജുവിന്റെ ഭാര്യ സ്‍മിത(45) ആണ് മരിച്ചത്. പാലാ - തൊടുപുഴ ഹൈവേയില്‍ മാനത്തൂരില്‍ നിന്ന് ചെറുകുറിഞ്ഞി റോഡിലേക്ക് തിരിയുന്ന ജംഗ്ഷനിലായിരുന്നു അപകടം.
ചെറുകുറിഞ്ഞി ഭാഗത്തു നിന്ന് വന്ന സ്‍കൂട്ടര്‍, ടിപ്പര്‍ ലോറിയെ മറികടന്ന് റോഡിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‍കൂട്ടര്‍ ഓടിച്ചിരുന്ന സജുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് വയസുകാരനായ മകന്‍ ഇവാനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവാന്‍ റോഡിലേക്ക് തെറിച്ചുവീണ് മറ്റൊരു വാഹനത്തിന്റെ അടിയില്‍പെട്ടെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. ബഹ്റൈനില്‍ ജോലി ചെയ്‍തിരുന്ന സജുവും സ്‍മിതയും ഏതാനും മാസം മുമ്പാണ് നാട്ടിലെത്തിയത്. മറ്റൊരു മകന്‍ - മിലന്‍.
Read also: ജോലിക്കിടെ ഹൃദയാഘാതം; വിശ്രമിക്കാൻ റൂമിലേക്ക് പോകുമ്പോൾ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് പ്രവാസി മരിച്ചു, കൂടെയുള്ളയാൾക്ക് ഗുരുതര പരിക്ക്
റിയാദ്: റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് മംഗലാപുരം സ്വദേശി മരിച്ചു. കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബത്ഹക്ക് സമീപം ദബാബ് സ്ട്രീറ്റില്‍ വ്യാഴാഴ്ച വൈകീട്ട് 6.30- നുണ്ടായ സംഭവത്തിൽ ദക്ഷിണ കന്നഡ കൊട്ടേകാനി സ്വദേശി സിറാജുദ്ദീന്‍ (30) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ഉപ്പള സ്വദേശി മുഹമ്മദ് അയാസിനെ സാരമായ പരിക്കുകളോടെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൗസ് ഡ്രൈവറാണ് മരിച്ച സിറാജുദ്ദീൻ. മഗ്‌രിബ് നമസ്‌കാരത്തിന് മസ്ജിദിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുമ്പോള്‍ അമിത വേഗതയിലെത്തിയ കാര്‍ രണ്ടുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
സിറാജുദ്ദീന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസിം-സൈനബ ദമ്പതികളുടെ മകനാണ്. അനന്തര നടപടികളുമായി റിയാദ് കെ എം സി സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam