
ദുബൈ: യുഎഇയിലെ ചുട്ടുപൊള്ളുന്ന ചൂടിനിടയിൽ മഴ തേടി പ്രവാസികൾ. ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായി മൂന്ന് ദിവസത്തോളം മഴ ലഭിച്ചിരുന്നു. അതേസമയം മറ്റ് പലയിടങ്ങളിലും ചൂട് തന്നെയായിരുന്നു. കേരളത്തിൽ മഴ തിമിർത്ത് പെയ്യുമ്പോൾ മൺസൂണിനെ അത്രമേൽ ഇഷ്ടപ്പെടുന്ന പ്രവാസി മലയാളികൾക്ക് മഴ ആസ്വദിക്കാനാകാത്തതിൽ നിരാശയായിരുന്നു. ഈ നിരാശയ്ക്ക് തെല്ലൊരു ആശ്വാസവുമായാണ് യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ പെയ്തത്. ഇതോടെ മഴ പെയ്യാനിടയുള്ള സ്ഥലങ്ങൾ തേടി പ്രവാസികൾ യാത്രയിലാണ്.
കേരളത്തിൽ നിന്നും യുഎഇയിൽ എത്തിയശേഷം മലയാളിയായ മുഹമ്മദ് സജാദിനെ ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തിയത് കേരളത്തിലെ മഴയാണ്. യുഎഇയിൽ ചിലയിടങ്ങളിൽ മഴ പെയ്തതോടെ ഇനി മഴ പെയ്യാൻ സാധ്യതയുള്ള മരുഭൂമിയിലെ ഇടങ്ങൾ തേടിയുള്ള അന്വേഷണത്തിലാണ് ഇദ്ദേഹം. സാറ്റ്ലൈറ്റ് ഇമേജറി, കാലാവസ്ഥ വിവരങ്ങൾ, മറ്റ് സാങ്കേതിക വിദ്യ ഉപകരണങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് സജാദ് ഇത്തരം സ്ഥലങ്ങൾ ട്രാക്ക് ചെയ്യുന്നത്. സജാദിനെപ്പോലെ തന്നെ നിരവധി മലയാളികളായ പ്രവാസികളും ഇതുപോലെ മഴയെ പിന്തുടരുന്നുണ്ട്.
`ഞാൻ 2015ലാണ് യുഎഇയിൽ എത്തുന്നത്. ആ ഒരു സമയത്ത് കേരളത്തിൽ മൺസൂൺ ആയിരുന്നു. ഇവിടെയെത്തിയപ്പോൾ ചൂടും. യുഎഇയിലെ കാലാവസ്ഥയെപ്പറ്റി ഞാൻ വിശദമായി പഠിച്ചപ്പോൾ കനത്ത ചൂടിലും വല്ലപ്പോഴുമൊക്കെ യുഎഇയിലും മഴ പെയ്യാറുണ്ട് എന്നറിയാൻ കഴിഞ്ഞു. അതോടെ മഴ ചെയ്യാനിടയുള്ള സ്ഥലങ്ങൾ ട്രാക്ക് ചെയ്യാനുള്ള സാധ്യതകൾ നോക്കി'- സജാദ് പറയുന്നു. `യുഎഇ വെതർമാൻ' എന്ന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ മഴ ആസ്വാദകരെ യുഎഇയിൽ മഴ പെയ്യാൻ സാധ്യതയുള്ള ഇടങ്ങളെപ്പറ്റി അറിയിച്ചുകൊണ്ടിരുന്നു. ഇൻസ്റ്റ്ഗ്രാമിൽ 130,000 ഫോളോവേഴ്സ് ഉണ്ട് മുഹമ്മദ് സജാദിന്.
കഴിഞ്ഞ വാരാന്ത്യത്തിൽ ഷാർജയിൽ നിന്നും ഒരു സംഘത്തോടൊപ്പം സജാദ് മഴ പെയ്യാനിടയുള്ള ഒരു മരുഭൂ പ്രദേശത്തേക്ക് പുറപ്പെട്ടു. നൂറോളം വാഹനങ്ങളിലായി ആൾക്കാർ സജാദിനൊപ്പം ഉണ്ടായിരുന്നു. മണിക്കൂറുകളോളം മരുഭൂമിയിലൂടെ വാഹനം ഓടിച്ചു. ഒടുവിൽ നിരാശരായ സംഘത്തിനു മേൽ ചാറ്റൽ മഴ പതിക്കുകയായിരുന്നു. അന്ന് കൂടെയുണ്ടായിരുന്നവരുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും വലുതായിരുന്നു എന്ന് സജാദ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ