
മസ്കത്ത്: തുടർചികിത്സയ്ക്കായി കേരളത്തിലെത്താൻ കഴിയാതെ ഒമാനിൽ കുടുങ്ങിയിരിക്കുന്ന പ്രവാസികൾ കടുത്ത ആശങ്കയിൽ. മരണമടയുന്ന പ്രവാസികളുടെ ഭൗതിക ശരീരം പോലും നാട്ടിലെത്തിക്കുവാൻ കഴിയാത്തതുമൂലവും അതീവ നിരാശയിലാണ് ഒമാനിലെ പ്രവാസി സമൂഹം. മലയാളികളുടെ ഈ ആശങ്ക അകറ്റുവാൻ മസ്‍കത്ത് ഇന്ത്യൻ എംബസിയും കേന്ദ്ര സർക്കാറും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യ ക്ഷേമ വിഭാഗം കൺവീനർ പി.എം ജാബിർ ആവശ്യപ്പെട്ടു.
വൃക്ക രോഗം, ക്യാൻസർ, ഹൃദ്രോഗം എന്നിവയ്ക്ക് ഒരു നിശ്ചിത കാലയളവിൽ നാട്ടിലെത്തി ചികിത്സ തുടരുന്ന ധാരാളം പ്രവാസികളെ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ അന്താരാഷ്ട്ര വിമാനയാത്രാ വിലക്ക് കടുത്ത മാനസിക പിരിമുറുക്കത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. നാട്ടിൽ നിന്നും എത്തിയിരുന്ന മരുന്നുകൾ പോലും സമയത്ത് ലഭിക്കാത്തത് കാരണം ജീവൻ പോലും അപകടത്തിലെത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മരണപ്പെടുന്ന പ്രവാസികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ കഴിയാതെ വരുന്ന സാഹചര്യം ബന്ധു ജനങ്ങളെ കടുത്ത മാനസിക സംഘര്‍ഷത്തിലേക്കാണ് കൊണ്ടെത്തിക്കുന്നതും. യാത്രാ വിലക്ക് ഇനിയും നീളുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ മസ്കത്ത് ഇന്ത്യൻ എംബസ്സി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തരമായി ഒരു സംവിധാനം ഉണ്ടാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഒമാനിൽ നാലര ലക്ഷത്തോളം മലയാളികളാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam