പ്രവാസികളും ജോലി തേടി വരുന്നവരും രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

By Web TeamFirst Published Jan 28, 2023, 1:55 PM IST
Highlights

പ്രവാസികളുടെ ആവശ്യഘട്ടങ്ങളിൽ വിവിധ തരത്തിലുള്ള സഹായങ്ങൾ എത്തിക്കാൻ അത് എംബസിക്ക് സഹായമായി മാറും. ഭാവിയിൽ തൊഴിൽദാതാക്കളുമായി കേസോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ നിയമപരമായ പരിരക്ഷ ഉറപ്പാക്കാൻ അത് ആവശ്യമാണ്.

റിയാദ്: സൗദിയിലേക്ക് ജോലിതേടി വരുന്നവർ ട്രാവൽ ഏജൻറുകളുടെ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ നിയമപരമായ മാർഗങ്ങളിലൂടെ മാത്രം വരാൻ ജാഗ്രത പുലർത്തണമെന്ന് സ്ഥാനമേറ്റെടുത്ത അംബാസഡർ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. അങ്ങനെ വരുന്നവർ വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഇ-മൈഗ്രേറ്റ്’, ‘മദാദ്’ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യണം. ഭാവിയിൽ തൊഴിൽദാതാക്കളുമായി കേസോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ നിയമപരമായ പരിരക്ഷ ഉറപ്പാക്കാൻ അത് ആവശ്യമാണ്. പുതിയതായി ചുമതലയേറ്റ അംബാസഡര്‍ എംബസിയിൽ ഇന്ത്യൻ മാധ്യമ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു. 

നിലവിൽ സൗദിയിലുള്ള ഇന്ത്യാക്കാരോടും എംബസിയുടെ വെബ്‍സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ അംബാസഡർ ആവശ്യപ്പെട്ടു. പ്രവാസികളുടെ ആവശ്യഘട്ടങ്ങളിൽ വിവിധ തരത്തിലുള്ള സഹായങ്ങൾ എത്തിക്കാൻ അത് എംബസിക്ക് സഹായമായി മാറും.
ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഏറ്റവും ഊഷ്മളമായ ബന്ധമാണുള്ളതെന്നും അംബാസഡർ പറഞ്ഞു. ജി-20 ഉച്ചകോടി ഇന്ത്യയില്‍ നടക്കുന്നതിനാല്‍ അടുത്ത മാസങ്ങളില്‍ കൂടുതല്‍ ഉന്നതതല സന്ദര്‍ശനങ്ങളുണ്ടാകും. 

ഇരുരാജ്യങ്ങളും വ്യാപാര വാണിജ്യമേഖലയില്‍ സഹകരണമുണ്ട്. ഇന്ത്യയിലെ പെട്രോ കെമിക്കല്‍, അടിസ്ഥാന വികസനം, പുനരുപയോഗ ഊർജം തുടങ്ങി വിവിധ മേഖലകളില്‍ സൗദി വ്യവസായികൾ നിക്ഷേപം നടത്തിയിട്ടുണ്ട്. ആകെ 36 ശതകോടി ഡോളറിന്റെ നിക്ഷേപം സൗദിയില്‍ നിന്നും ഇന്ത്യയിലെത്തി. ഇന്ത്യന്‍ വ്യാപാരികളും സൗദിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിവരികയാണ്. നിക്ഷേപ സൗഹൃദ രാജ്യമായതിനാല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ സൗദിയില്‍ നിക്ഷേപത്തിന് ഒരുക്കമാണെന്നും അംബാസഡര്‍ പറഞ്ഞു.

Read also: ഇന്ത്യൻ എംബസി എല്ലാദിവസവും പ്രവാസികള്‍ക്കുള്ള ‘ഓപൺ ഹൗസ്’ ആണെന്ന് അംബാസഡർ

click me!