ഇന്ത്യൻ എംബസി എല്ലാദിവസവും പ്രവാസികള്‍ക്കുള്ള ‘ഓപൺ ഹൗസ്’ ആണെന്ന് അംബാസഡർ

By Web TeamFirst Published Jan 28, 2023, 1:03 PM IST
Highlights

ഇന്ത്യക്കാര്‍ക്ക് വേണ്ടി എംബസിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. 25 ലക്ഷത്തോളം ഇന്ത്യക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ ദിനംപ്രതി എംബസിയുടെ ശ്രദ്ധയിലെത്തുന്നുണ്ട്. പരാതികളും പ്രശ്‌നങ്ങളും തീര്‍ക്കാനും പരിഹരിക്കാനും ആവശ്യമായ സംവിധാനങ്ങള്‍ ഇവിടെയുണ്ട്. 

റിയാദ്: പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനും ഇന്ത്യൻ എംബസി എല്ലായിപ്പോഴും ‘ഓപൺ ഹൗസാ’യാണ് പ്രവർത്തിക്കുന്നതെന്ന് അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ. പുതിയതായി ചുമതലയേറ്റ അദ്ദേഹം എംബസിയിൽ ഇന്ത്യൻ മാധ്യമ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു. 2013 കാലഘട്ടത്തിൽ എംബസി നടത്തിയിരുന്ന ഓപൺ ഹൗസ് പുനരാരംഭിക്കുമോ എന്ന ചോദ്യത്തിനാണ് എന്തിനാണ് മാസത്തിലൊരു ദിവസം ഓപൺ ഹൗസ് എന്ന് മറുചോദ്യം ഉന്നയിച്ച അംബാസഡർ പ്രവാസികൾക്കായി എല്ലാദിവസവും എംബസിയുടെ വാതിലുകൾ തുറന്നുകിടക്കുകയാണെന്ന് വ്യക്തമാക്കിയത്. 

ഇന്ത്യക്കാര്‍ക്ക് വേണ്ടി എംബസിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. 25 ലക്ഷത്തോളം ഇന്ത്യക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ ദിനംപ്രതി എംബസിയുടെ ശ്രദ്ധയിലെത്തുന്നുണ്ട്. പരാതികളും പ്രശ്‌നങ്ങളും തീര്‍ക്കാനും പരിഹരിക്കാനും ആവശ്യമായ സംവിധാനങ്ങള്‍ ഇവിടെയുണ്ട്. ഇഖാമ കാലാവധി കഴിഞ്ഞും ഹുറൂബായും നാട്ടിലേക്ക് പോകാന്‍ കഴിയാതെ പ്രതിസന്ധിയിലായവര്‍ക്ക് ഇപ്പോഴും എംബസി വഴി ഫൈനല്‍ എക്‌സിറ്റ് നേടിക്കൊടുക്കുന്നുണ്ട്. എംബസിയുടെ മേല്‍നോട്ടത്തിലുള്ള സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വിവിധ വിഷയങ്ങളില്‍ ഇടപെടാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്.

ഇഖാമ കാലാവധി കഴിഞ്ഞും ഹുറൂബിലകപ്പെട്ടും നാട്ടില്‍ പോകാന്‍ കഴിയാതെ പ്രതിസന്ധിയിലായ 10,376 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്‌സിറ്റ് നേടിക്കൊടുക്കാന്‍ സാധിച്ചു. പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ആതിഥേയ രാജ്യത്തിന്റെ നിയമ പരിധിയില്‍ നിന്ന് ചെയ്യാനാവുന്നതെല്ലാം ചെയ്യുന്നുണ്ട്. എംബസി സാമൂഹികക്ഷേമ വിഭാഗം ഇക്കാര്യത്തില്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അംബാസഡര്‍ വ്യക്തമാക്കി.

Read also: കഴിഞ്ഞ വര്‍ഷം പ്രവാസികളെ വിവാഹം ചെയ്‍തത് 556 സ്വദേശി വനിതകളെന്ന് കണക്കുകള്‍

click me!