60 വയസ് കഴിഞ്ഞ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ നാല് ലക്ഷത്തിലധികം രൂപ നല്‍കേണ്ടി വരും

By Web TeamFirst Published Nov 4, 2021, 7:54 PM IST
Highlights

അറുപത് വയസിന് മുകളിലുള്ള പ്രാവാസികളില്‍ താഴ്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടതില്ലെന്ന തീരുമാനം റദ്ദാക്കി കുവൈത്ത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) 60 വയസിന് മുകളിലുള്ള താഴ്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പ്രവാസികളുടെ (Expats above 60 years of age) തൊഴില്‍ പെര്‍മിറ്റ് പുതുക്കേണ്ടതില്ലെന്ന മുന്‍ തീരുമാനം റദ്ദാക്കി. പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവറിന്റെ (Public Authority for manpower) ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സെക്കണ്ടറി വിദ്യാഭ്യാസമില്ലാത്തവരുടെ (Secondary education) തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനാണ് നേരത്തെ നിയന്ത്രണം കൊണ്ടുവന്നിരുന്നത്.

പുതിയ തീരുമാനം അനുസരിച്ച് 500 ദിനാര്‍ ഫീസ് ഈടാക്കി ഇവരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കും. ഒപ്പം പ്രൈവറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇനത്തില്‍ 1200 ദിനാര്‍ കൂടി ഈടാക്കും. വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ ചേര്‍ന്നാണ് ഈ തുക നിജപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനും ഇന്‍ഷുറന്‍സ് ഇനത്തിലുമായി 1700 ദിനാര്‍ (നാല് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ആയിരിക്കും അറുപത് വയസ് കഴിഞ്ഞ, കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള പ്രവാസികള്‍ നല്‍കേണ്ടി വരുന്നത്. ഇഖാമ പുതുക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനത്തില്‍ പുതിയ തീരുമാനമനുസരിച്ച് മാറ്റം വരുത്തും. വാണിജ്യ വ്യവസായ മന്ത്രിയുടെയും മാന്‍പവര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‍സ് ചെയര്‍മാന്റെയും അംഗീകാരം ലഭിക്കുന്നതോടെ തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കാന്‍ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

click me!