
മസ്‌കറ്റ്: ഒമിക്രോണ്‍ (Omicron) വകഭേദത്തിന്‍റെ കടന്നുവരവ് മസ്‌കറ്റിലെ(Muscat) പ്രവാസികളെ വീണ്ടും ആശങ്കയില്‍ ആക്കിയിരിക്കുകയാണ്. കൊവിഡ് (covid)മൂലം രണ്ടു വര്‍ഷത്തിലധികം നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസികള്‍ ക്രിസ്മസിന് പോകാന്‍ തയ്യാറെടുത്തു വരുന്ന സമയത്താണ് ഒമിക്രോണ്‍ ഭീഷണി. ഇതുമൂലം നാട്ടിലേക്ക് മറ്റും യാത്ര ചെയ്യാനിരുന്ന മിക്ക പ്രവാസികളും ബുക്ക് ചെയ്ത വിമാന ടിക്കറ്റുകള്‍ റദ്ദാക്കുന്നത് വര്‍ധിക്കുകയാണ്. പലരും കുടുംബമായി യാത്ര ചെയ്യാന്‍ മുന്‍കൂട്ടി അവധി എടുത്തവരുമാണ്.
ഒമിക്രോണ്‍ വൈറസ് വ്യാപനം കൂടിയാല്‍ അവധിക്കു ശേഷം മസ്‌കറ്റിലേക്കുള്ള മടക്കയാത്രക്ക് താമസം നേരിടുമെന്ന ആശങ്ക മൂലമാണ് പലരും ടിക്കറ്റ് റദ്ദാക്കുന്നതെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കൂടുതല്‍ രാജ്യങ്ങളിലേക്ക് ഒമിക്രോണ്‍ വൈറസ് വ്യാപിക്കുന്നത് ട്രാവല്‍ മേഖലയെ വീണ്ടും അനശ്ചിതത്തിലേക്ക് നയിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു. ഡിസംബര്‍ 25 ക്രിസ്മസ് അടുക്കുന്തോറും വിമാനയാത്രാ നിരക്ക് കൂടുമെന്നതിനാല്‍ പല യാത്രക്കാരും വളരെ മുന്‍കൂട്ടി തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
ഒമാനിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകള്‍ ശൈത്യകാല അവധികള്‍ അടുത്ത ആഴ്ചയോടു കൂടി ആരംഭിക്കും. ഈ കാരണത്താല്‍ ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കുമാണ് നിലനില്‍ക്കുന്നത്. വ്യാപനം മൂര്‍ച്ഛിക്കുകയാണെങ്കില്‍ യാത്രകള്‍ ഒഴിവാക്കാന്‍ ആയിരിക്കും എല്ലാവരും താല്പര്യപ്പെടുക. ഒമിക്രോണ്‍ വ്യോമഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത് മസ്‌കറ്റിലെ ട്രാവല്‍ മേഖലയില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഒമാനില്‍ ഇതുവരെ ഒമിക്രോണ്‍ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam