ജെറ്റ് എയര്‍വേയ്സ് പ്രതിസന്ധി; ഗള്‍ഫില്‍ നിന്നുള്ള യാത്രാ ദുരിതം വര്‍ദ്ധിക്കുന്നു

By Web TeamFirst Published Apr 19, 2019, 10:24 AM IST
Highlights

ബോയിങ് മാക്സ് വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കിയതും 45 ദിവസത്തെ അറ്റകുറ്റപ്പണികള്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടച്ചതും സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജെറ്റ് എയര്‍വേയ്സ് എല്ലാ സര്‍വീസുകളും നിര്‍ത്തി പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നത്. 

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിമാനയാത്ര കൂടുതല്‍ പ്രതിസന്ധിയിലാവുന്നു. വിമാന സര്‍വീസുകളിലെ കുറവ് മുതലെടുത്ത് മറ്റ് കമ്പനികള്‍ വന്‍തോതില്‍ ടിക്കറ്റ് നിരക്ക് കൂട്ടും. അതോടെ ഓഫ് സീസണില്‍ പോലും വലിയ തുക നല്‍കി യാത്ര ചെയ്യേണ്ടി വരുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

ബോയിങ് മാക്സ് വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കിയതും 45 ദിവസത്തെ അറ്റകുറ്റപ്പണികള്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടച്ചതും സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജെറ്റ് എയര്‍വേയ്സ് എല്ലാ സര്‍വീസുകളും നിര്‍ത്തി പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നത്. പ്രതിവാരം ഗള്‍ഫ് സെക്ടറിലേക്ക് മാത്രം നാല്‍പതിലേറെ സര്‍വീസുകളാണ് ജെറ്റ് എയര്‍വേയ്സ് നടത്തിയിരുന്നത്. വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ കരാര്‍ പ്രകാരം ഇപ്പോള്‍ നിലവിലുള്ള സീറ്റുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് വരുന്നത്. ഇത് വര്‍ദ്ധിപ്പിക്കണമെങ്കില്‍ സര്‍ക്കാര്‍ തലത്തിലാണ് തീരുമാനമുണ്ടാവേണ്ടത്. തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന സമയമായതിനാല്‍ ഇക്കാര്യത്തിലും ഉടനെയൊന്നും അനുകൂല തീരുമാനമുണ്ടാവാനിടയില്ല.

സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിച്ചുവന്നതിനനുസരിച്ച് നേരത്തെ തന്നെ ഘട്ടംഘട്ടമായി ജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു. പൂര്‍ണമായി സര്‍വീസ് നിര്‍ത്തിയ വിവരം കഴിഞ്ഞ ദിവസം തന്നെ കമ്പനി ട്രാവല്‍ ഏജന്‍സികളെ അറിയിക്കുകയും ചെയ്തു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നറിയാതെ പ്രതിസന്ധിയിലുമാണ്. ജെറ്റിലെ ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ ട്രാവല്‍ ഏജന്‍സികള്‍ക്കും ലഭിക്കുന്നില്ല. കമ്പനി അധികൃതരുമായി സംസാരിച്ച് ഇതിന് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഏജന്‍സികള്‍.

click me!