ഫ്ലാറ്റ് വാടകയ്ക്കെടുത്ത് പെണ്‍വാണിഭ കേന്ദ്രം നടത്തിയ പ്രവാസികള്‍ പിടിയില്‍

By Web TeamFirst Published Oct 10, 2019, 6:44 PM IST
Highlights

യുഎഇയില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയ ഒന്‍പത് പ്രവാസികള്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായി. ഫുജൈറയില്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം.

ഫുജൈറ: യുഎഇയില്‍ അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭ കേന്ദ്രം നടത്തിയ ഒന്‍പത് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു. ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയാണ് ഫുജൈറ ക്രിമിനല്‍ കോടതി വിധിച്ചത്. പെണ്‍വാണിഭവും മനുഷ്യക്കടത്തും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

വിവിധ രാജ്യക്കാരായ പ്രവാസികള്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘത്തെക്കുറിച്ച് ഫുജൈറ പൊലീസിന് ലഭിച്ച രഹസ്യ വിവരമാണ് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് രഹസ്യമായി അന്വേഷണം നടത്തി തെളിവ് ശേഖരിച്ചു. വിവിധ പ്രായക്കാരായ സ്ത്രീകളും പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഫുജൈറയില്‍ വാടകയ്ക്കെടുത്ത അപ്പാര്‍ട്ട്മെന്റ് കെട്ടിടം പെണ്‍വാണിഭ കേന്ദ്രമായി ഉപയോഗിക്കുകയാണെന്നും ചില സ്ത്രീകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതായും പൊലീസ് കണ്ടെത്തി. നിരവധി സന്ദര്‍ശകരാണ് ദിവസവും ഇവിടെ എത്തിയിരുന്നത്.

രഹസ്യമായി എല്ലാ വിവരങ്ങളും ശേഖരിച്ചശേഷം പൊലീസ് അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ റെയ്ഡ് നടത്തി ഒന്‍പത് പ്രതികളെയും പിടികൂടുകയായിരുന്നു. പ്രോസിക്യൂഷന് കൈമാറിയ ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റങ്ങള്‍ ചുമത്തി ഫുജൈറ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. ജയില്‍ ശിക്ഷ അനുഭവിച്ചശേഷം എല്ലാ പ്രതികളെയും നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

click me!