Latest Videos

പ്രവാസി നിയമലംഘകര്‍ക്കായി പരിശോധന ശക്തം; വരുമാന സ്രോതസ് വ്യക്തമാക്കാനില്ലാത്തവര്‍ക്കെതിരെയും നടപടി

By Web TeamFirst Published Sep 2, 2022, 9:14 PM IST
Highlights

കുവൈത്തില്‍ ജീവിക്കുന്ന പ്രവാസികള്‍ക്ക് വ്യക്തമായ വരുമാന സ്രോതസോ അല്ലെങ്കില്‍ ജീവിക്കാനുള്ള മാര്‍ഗമോ ഇല്ലെങ്കില്‍ അവരെ നാടുകടത്താമെന്ന് പ്രവാസികളെ സംബന്ധിക്കുന്ന നിയമത്തിലെ പതിനാറാം വകുപ്പ് വ്യക്തമാക്കുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വര്‍ഷം തുടക്കം മുതല്‍ പതിനയ്യായിരത്തോളം പ്രവാസികളെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഫോറിനേഴ്സ് നിയമത്തിലെ 16-ാം വകുപ്പ് പ്രകാരമുള്ള വിവിധ നിയമലംഘനങ്ങളുടെ പേരിലാണ് വിവിധ രാജ്യക്കാരായ ഇത്രയും പേരെ അറസ്റ്റ് ചെയ്‍തത്. ഇവരില്‍ അധിക പേര്‍ക്കും വ്യക്തമായ വരുമാന സ്രോതസുണ്ടായിരുന്നില്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

കുവൈത്തില്‍ ജീവിക്കുന്ന പ്രവാസികള്‍ക്ക് വ്യക്തമായ വരുമാന സ്രോതസോ അല്ലെങ്കില്‍ ജീവിക്കാനുള്ള മാര്‍ഗമോ ഇല്ലെങ്കില്‍ അവരെ നാടുകടത്താമെന്ന് പ്രവാസികളെ സംബന്ധിക്കുന്ന നിയമത്തിലെ പതിനാറാം വകുപ്പ് വ്യക്തമാക്കുന്നു. ഇത് പ്രകാരമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അടുത്ത കാലത്തായി നടപടി ശക്തമാക്കിയിരിക്കുന്നത്.

പരിശോധനകളില്‍ പിടിയിലായവരില്‍ ഭൂരിഭാഗവും കുറഞ്ഞ വരുമാനത്തിന് ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികളായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അനധികൃത മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്നവര്‍, തെരുവ് കച്ചവടക്കാര്‍, ഇവിടങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയിരുന്ന പ്രവാസികളിലെ നിയമലംഘകര്‍ തുടങ്ങിയവരെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്‍ത് തുടരന്വേഷണത്തിന് ശേഷം നാടുകടത്താനായി കുവൈത്ത് താമസകാര്യ വകുപ്പിന് കൈമാറിയത്. 

പിടിയിലായവരില്‍ പലര്‍ക്കും വ്യക്തമായ വരുമാന സ്രോതസോ മാന്യമായ ജീവിത സാഹചര്യങ്ങളോ ഇല്ലായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കുറ്റകൃത്യങ്ങളും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും തടയുകയെന്ന ലക്ഷ്യത്തോടെയാണ് നിയമലംഘകരായ പ്രവാസികളെ നാടുകടത്തുന്നതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. പ്രവാസികളെ കബളിപ്പിച്ച് കുവൈത്തിലേക്ക് കൊണ്ടുവരുന്ന വിസ കച്ചവടക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നുണ്ട്.

ഏഷ്യന്‍, അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടവരില്‍ ഭൂരിപക്ഷമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. താമസ രേഖകള്‍ എല്ലാ ശരിയായിട്ടും തൊഴില്‍ സ്ഥലങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ പേരിലും അനധികൃത മാര്‍ക്കറ്റുകളിലും മറ്റും ജോലി ചെയ്‍തിരുന്നവരെയും നടപടികള്‍ പൂര്‍ത്തീകരിച്ച് നാടുകടത്തുകയാണ് ചെയ്യുന്നത്. രാജ്യത്തെ തൊഴില്‍ വിപണിയില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനും അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ രാജ്യത്ത് സൃഷ്ടിക്കുന്ന ഭീഷണി ഇല്ലാതാക്കാനുമാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. അനധികൃത താമസക്കാരാണ് രാജ്യത്ത് കുറ്റകൃത്യങ്ങളുടെ പേരില്‍ പിടിക്കപ്പെടുന്നവരിലേറെയുമെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിപ്പ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

click me!