
കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി മേഖലയിൽ വ്യാജ സർക്കാർ സ്റ്റാമ്പുകൾ നിർമ്മിച്ച് വിതരണം ചെയ്തിരുന്ന സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു.
സർക്കാർ ആശുപത്രിയിലെ ഒരു രോഗിയുടെ രേഖയിൽ വ്യാജ സർക്കാർ മുദ്ര ഉപയോഗിച്ചതായി കണ്ടെത്തിയ ശുചീകരണ തൊഴിലാളിയെ അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് ഹവല്ലിയിലെ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ വ്യാജ മുദ്ര നിർമാണ ശൃംഖല പുറത്തുകൊണ്ടുവന്നത്. റെയ്ഡിനിടെ വിതരണം ചെയ്യാൻ തയ്യാറാക്കിയ നിരവധി വ്യാജ സർക്കാർ മുദ്രകളും അവ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്റിംഗ് മെഷീനുകളും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. അന്വേഷണത്തിൽ സർക്കാർ മുദ്രകളുടെ മുഖവിലയുടെ പകുതി വിലയ്ക്ക് ശുചീകരണ തൊഴിലാളികൾക്ക് ഇവ വിറ്റശേഷം ഔദ്യോഗിക രേഖകളിൽ ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതികൾ വ്യാജ മുദ്രകൾ നിർമ്മിച്ച് നിരവധി തൊഴിലാളികൾക്ക് വിറ്റതായി കുറ്റസമ്മതം നടത്തിയതായി അധികൃതർ അറിയിച്ചു.
വ്യാജ മുദ്രകളുടെ നിർമ്മാണത്തിലും വിതരണത്തിലും ഉപയോഗത്തിലും ഉൾപ്പെട്ട മറ്റ് പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. പ്രധാന പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. വിതരണ ശൃംഖലയിൽ പങ്കുണ്ടെന്ന് കണ്ടെത്തുന്ന പ്രവാസി തൊഴിലാളികൾക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam