70 ലക്ഷം ഡോളറിന്‍റെ ഗ്രാൻഡ് പ്രൈസ്, ഇ-സ്‌പോർട്‌സ് വേൾഡ് കപ്പിൽ ഫാൽക്കൺസ് ടീം ജേതാക്കളായി

Published : Aug 31, 2025, 05:27 PM IST
falcons team won e sports world cup

Synopsis

ഇത് ആഗോള ഇ-സ്‌പോർട്‌സ് മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ്. ഏഴ് ആഴ്ച നീണ്ടുനിന്ന ചാമ്പ്യൻഷിപ്പിൽ ടീം ഫാൽക്കൺസ് രണ്ട് ടൂർണമെന്റ് ചാമ്പ്യന്മാരും ആറ് മികച്ച മൂന്ന് ഫിനിഷുകളും നേടി.

റിയാദ്: റിയാദ് ബൊളിവാർഡ് സിറ്റിയിൽ നടന്ന 'ഇ-സ്‌പോർട്‌സ് വേൾഡ് കപ്പ് 2025' ൽ 'ഫാൽക്കൺസ്' ടീം ജേതാക്കളായി. ഏഴ് കോടിയോളം ഡോളറിന്റെ മൊത്തം സമ്മാനത്തുകയിൽ 70 ലക്ഷം ഡോളറിന്റെ ഗ്രാൻഡ് പ്രൈസ് നേടിയ ടീം ഫാൽക്കൺസ് 5,200 പോയിന്റുമായാണ് ടൂർണമെന്റ് സ്റ്റാൻഡിംഗിൽ ഒന്നാമതെത്തിയത്. ഇത് ആഗോള ഇ-സ്‌പോർട്‌സ് മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ്. ഏഴ് ആഴ്ച നീണ്ടുനിന്ന ചാമ്പ്യൻഷിപ്പിൽ ടീം ഫാൽക്കൺസ് രണ്ട് ടൂർണമെന്റ് ചാമ്പ്യന്മാരും ആറ് മികച്ച മൂന്ന് ഫിനിഷുകളും നേടി.

ഞായറാഴ്ച വൈകീട്ട് നടന്ന ഇ-സ്‌പോർട്‌സ് വേൾഡ് കപ്പ് സമാപന ചടങ്ങിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ജേതാക്കൾക്ക് ട്രോഫി നൽകി ആദരിച്ചു. ടീം ഫാൽക്കൺസ് ചെയർമാൻ മൊസാദ് അൽദോസറി ട്രോഫി സ്വീകരിച്ചു. ചടങ്ങിൽ ജോർദാൻ കിരീടാവകാശി അമീർ ഹുസൈൻ ബിൻ അബ്ദുള്ളയും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു. ഇ-സ്‌പോർട്‌സ് ഇഷ്ടപ്പെടുന്ന നിരവധി പ്രേക്ഷകരുടെയും ആഗോള ആരാധകരുടെയും ഇടയിലാണ് ചടങ്ങ് നടന്നത്. തത്സമയം നടന്ന വിവിധ പ്രകടനങ്ങളും ഫുട്ബാൾ ഇതിഹാസ താരവും അൽനസ്ർ ക്ലബ് ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള നിരവധി മികച്ച കായിക താരങ്ങളുടെ പങ്കാളിത്തവും ചടങ്ങിന് മാറ്റുകൂട്ടി. ഇ-സ്‌പോർട്‌സ് വേൾഡ് കപ്പ് വിജയികൾ റൊണാൾഡോയോടൊപ്പം വിജയാഘോഷം പങ്കിടുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്‌തു.

സൗദി ഇ-സ്‌പോർട്‌സ് ഫെഡറേഷൻ ചെയർമാൻ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ സുൽത്താനും ഇ-സ്‌പോർട്‌സ് വേൾഡ് കപ്പ് ഫൗണ്ടേഷൻ സി.ഇ.ഒ റാൽഫ് റീച്ചർട്ടും ചടങ്ങിൽ സംസാരിച്ചു. ആഗോള പ്രേക്ഷകരെയും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലുടനീളം വിശാലമായ അനുയായികളെയും ഉൾപ്പെടുത്തി വൈവിധ്യമാർന്ന ഗെയിമുകൾ, ശക്തമായ മത്സരം, ആകർഷകമായ വിനോദ അനുഭവങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന ഒരു സവിശേഷ ആഗോള അനുഭവം സൃഷ്‌ടിക്കുന്നതിൽ രാജ്യം വിജയിച്ചിട്ടുണ്ടെന്ന് റീച്ചർട്ട് ഊന്നിപ്പറഞ്ഞു.

100 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 200 ക്ലബ്ബുകളിൽ നിന്നുള്ള 2,000 പ്രൊഫഷനൽ കളിക്കാർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ഇവർ 25 ടൂർണമെന്റുകളിലായി മത്സരിച്ചു. അനുബന്ധ പരിപാടികൾക്കൊപ്പം 1,500 ലധികം വിവിധ സാമൂഹിക, സാംസ്കാരിക, വിനോദ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഇത് കാഴ്ചക്കാരുടെ അനുഭവം സമ്പന്നമാക്കുകയും പരിപാടിക്ക് മാനുഷികവും സംവേദനാത്മകവുമായ ഒരു സ്വഭാവം നൽകുകയും ചെയ്തു. മൊത്തം 30 ലക്ഷത്തോളം ഇ-സ്പോർട്സ് പ്രേമികൾ റിയാദ് ബൊളിവാർഡ് സിറ്റിയിൽ നടന്ന ടൂർണമെന്റ് വീക്ഷിക്കാനെത്തി. അതേസമയം ലോകമെമ്പാടുമുള്ള 75 കോടിയിലധികം കാഴ്ചക്കാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ മത്സരങ്ങൾ പിന്തുടർന്നു. ഇവരുടെ മൊത്തം കാഴ്ചാ നിരക്ക് 35 കോടി മണിക്കൂറിലധികം കവിഞ്ഞു. ആഗോള മാധ്യമ നിർമ്മാണത്തിന്റെ ഭാഗമായി 100 ലധികം രാജ്യങ്ങളിലേക്ക് 35 ഭാഷകളിലായി മത്സരങ്ങൾ സംപ്രേഷണം ചെയ്തു. ഇത് സംഘടനയുടെ വ്യാപ്തിയും ആഗോള വ്യാപനവും നിലവാരവും പ്രതിഫലിപ്പിച്ചു. കഴിഞ്ഞ വർഷത്തെ ഇ-സ്‌പോർട്‌സ് വേൾഡ് കപ്പ് ടൂര്ണമെന്റിനേക്കാൾ ടിക്കറ്റ് വിൽപ്പനയിൽ 53 ശതമാനം വർധനവ് ഇപ്രാവശ്യമുണ്ടായി. ഉള്ളടക്കത്തിനായുള്ള ശരാശരി ആവശ്യം 40 ശതമാനവും അന്താരാഷ്ട്ര വിൽപ്പനയിൽ 64 ശതമാനവും വർധനവ് രേഖപ്പെടുത്തി.

2023 ലാണ് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വേൾഡ് ഇ-സ്‌പോർട്‌സ് കപ്പ് ആരംഭിച്ചത്. 2024 ൽ റിയാദ് അതിന്റെ ആദ്യ പതിപ്പിന് ആതിഥേയത്വം വഹിച്ചു. 2025 ൽ അഭൂതപൂർവമായ സംഘടനാ, സാങ്കേതിക മാനദണ്ഡങ്ങളോടെ ടൂർണമെന്റിന്റെ രണ്ടാം പതിപ്പിന് വഴിയൊരുക്കി. അസാധാരണമായ ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചതിലൂടെ, ഗെയിമിംഗിലും ഇ-സ്പോർട്സിലും രാജ്യം തങ്ങളുടെ ആഗോള സ്ഥാനം ശക്തിപ്പെടുത്തുകയും മത്സരവും നൂതനത്വവും സമന്വയിപ്പിക്കുന്ന ഒരു അതുല്യമായ അനുഭവം വാഗ്ദാനം നൽകുകയും ചെയ്തു.

ഇത് ആഗോള വിജയങ്ങളിലുള്ള രാജ്യത്തിന്റെ ശ്രദ്ധേയമായ ട്രാക്ക് റെക്കോർഡിലേക്ക് ഒരു പുതിയ നേട്ടം കൂടി ചേർത്തു. സുസ്ഥിരവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ ഒരു മേഖല കെട്ടിപ്പടുക്കുന്നതിനും രാജ്യത്തിന്റെ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചത്. 2030 ആകുമ്പോഴേക്കും 39,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അഞ്ച് കോടി റിയാൽ വരെ മൊത്ത ആഭ്യന്തര ഉൽ‌പാദനത്തിലേക്ക് സംഭാവന ചെയ്യുന്നതിനുമുള്ള ഒരു അടിസ്ഥാന സ്തംഭമാണിത്. കൂടാതെ സ്റ്റാർട്ടപ്പ് കമ്പനികളുടെ സ്ഥാപനത്തെ പിന്തുണയ്ക്കുന്നതിനും ഗെയിമിംഗ്, ഇ-സ്പോർട്സ് മേഖലയിൽ ആഗോള നിക്ഷേപം ആകർഷിക്കുന്നതിനും ഇത് സഹായകമാകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ