സൗദിയിൽ മലിനജല ടാങ്കിൽ വിഷവാതകം ശ്വസിച്ച് അഞ്ച് മരണം

By Web TeamFirst Published Apr 24, 2020, 1:51 AM IST
Highlights

കെട്ടിടത്തിലെ മലിനജല ടാങ്കിൻറെ മാൻഹോള്‍ ഹൈഡ്രോഫ്‌ളൂറിക് ആസിഡ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് ശ്രമിച്ച ഈജിപ്തുകാരനാണ് ആദ്യം അപകടത്തില്‍ പെട്ടത്

റിയാദ്: സൗദി അറേബ്യയിൽ മലിനജല ടാങ്കിൽ വിഷവാതകം ശ്വസിച്ച് അഞ്ചുപേർ മരിച്ചു. റിയാദിലെ മൻഫുഅ ഡിസ്ട്രിക്റ്റിലുണ്ടായ സംഭവത്തിൽ രണ്ട് സൗദി പൗരന്മാരും രണ്ട് യമനികളും ഈജിപ്തുകാരനുമാണ് മരിച്ചത്. 

കെട്ടിടത്തിലെ മലിനജല ടാങ്കിൻറെ മാൻഹോള്‍ ഹൈഡ്രോഫ്‌ളൂറിക് ആസിഡ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് ശ്രമിച്ച ഈജിപ്തുകാരനാണ് ആദ്യം അപകടത്തില്‍ പെട്ടത്. ടാങ്കില്‍ ഇറങ്ങിയ ഈജിപ്തുകാരന് ശ്വാസതടസം നേരിട്ടു. ഇതോടെ ഇയാളെ രക്ഷിക്കുന്നതിന് ശ്രമിച്ച് ടാങ്കില്‍ ഇറങ്ങിയ യമനിയും ശ്വാസംമുട്ടി കുഴഞ്ഞുവീണു. പിന്നാലെ ഇരുവരെയും രക്ഷിക്കുന്നതിന് ശ്രമിച്ച മറ്റൊരു യമനിയും ടാങ്കില്‍ കുടുങ്ങി. അപകടസമയത്ത് യാദൃശ്ചികമായി ഇതിലൂടെ കടന്നുപോയ സൗദി പൗരന്‍ വിവരമറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുകയും ടാങ്കില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. 

അപകടത്തെ കുറിച്ച് വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ സിവില്‍ ഡിഫൻസ് ഉദ്യോഗസ്ഥരില്‍ ഒരാളും ടാങ്കിനകത്ത് ശ്വാസംമുട്ടി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ പിന്നീട് സിവില്‍ ഡിഫൻസ് അധികൃതര്‍ പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി.

Read more: നാട്ടിലേക്ക് മടങ്ങാന്‍ ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍; കേന്ദ്രാനുമതി കാത്ത് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

click me!