ദുബായില്‍ ജോലിചെയ്യുന്ന ഗര്‍ഭിണിയായ യുവതി നാട്ടില്‍ പോകാന്‍ അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചു

ദുബായ്: ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 ബാധിതരുള്ള സൗദി അറേബ്യയും വിദേശികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനസര്‍വീസ് നടത്തുമ്പോള്‍ കേന്ദ്രാനുമതി കാത്തിരിക്കുകയാണ് ഇന്ത്യന്‍ സമൂഹം. നാട്ടില്‍ പോകാന്‍ അനുമതി തേടി ദുബായില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണിയായ യുവതി സുപ്രീംകോടതിയെ സമീപിച്ചു. അതേസമയം പ്രവാസികൾക്ക് നാട്ടിൽ നിന്ന് കൊറിയർ വഴി മരുന്നെത്തിക്കാനുളള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 

ഏഴ് മാസം കഴിഞ്ഞാൽ വിമാന യാത്ര അനുവദനീയമല്ലാത്തതിനാൽ തന്നെപ്പോലുള്ള ഗർഭിണികളെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കണമെന്നാണ് കോഴിക്കോടുകാരിയുടെ ആവശ്യം. ഗർഭിണികള്‍, രോഗികള്‍ വയോധികര്‍ തുടങ്ങി സന്ദർശക വിസയിൽ വന്ന് ബാക്കിയായവരും ജോലി നഷ്ടമായ തൊഴിലാളികളുമടക്കം ആയിരക്കണക്കിന് പേരാണ് നാട്ടിലേക്ക് മടങ്ങാനുള്ള അവസരത്തിനായി ഗള്‍ഫില്‍ കാത്തിരിക്കുന്നത്. ഇവർക്ക് വേണ്ടി കൂടിയാണ് സന്നദ്ധസംഘടനകള്‍ ആതിരയുടെ പേരിൽ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. 

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സൗദി അറേബ്യയും യുഎഇയ്‍ക്കും കുവൈത്തിനും പിന്നാലെ വിദേശികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാന സര്‍വീസുകള്‍ തുടങ്ങി. ഫിലിപ്പൈന്‍സ്, ഈജിപ്ത് തുടങ്ങി പത്തോളം രാജ്യക്കാര്‍ അവരുടെ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതികാത്ത് രോഗഭീതിയില്‍ കഴിയുകയാണ് ഇന്ത്യന്‍ സമൂഹം. 

Read more: കുവൈത്തിൽ 61 ഇന്ത്യക്കാര്‍ക്ക് കൂടി കൊവിഡ്

കൊവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഗർഭിണികടക്കമുള്ള മലയാളി നേഴ്സുമാരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഹൈക്കോടതിയെ സമീപിച്ചു. 

അതേസമയം, അവശ്യ മരുന്നുകൾക്ക് ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് മരുന്ന് എത്തിക്കാൻ നടപടികൾ സ്വീകരിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മരുന്ന് എത്തിക്കാൻ കൊറിയർ സർവീസ് ലഭ്യമാക്കാമെന്ന് ഡിഎച്ച്എൽ കമ്പനി നോർക്ക റൂട്ട്സിനെ അറിയിച്ചിട്ടുണ്ട്. മരുന്നും ബില്ലുകളും കൊച്ചിയിലെ ഓഫീസിൽ എത്തിച്ചാൽ പാക്കിങ് ഉൾപ്പെടെ ചെയ്ത് ‍ഡോർ ടു ഡെലിവറിയായി എത്തിക്കും. റെഡ് സോൺ ഒഴികെയുള്ള ഇടങ്ങളില്‍ രണ്ട് ദിവസത്തിനകം ഓഫീസ് തുറക്കാമെന്ന് കമ്പനി അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. 

Read more: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാതെ വിമാനകമ്പനികള്‍; വിശദീകരണവുമായി കേന്ദ്രം