എം.എ യൂസഫലിക്കെതിരെ സോഷ്യല്‍ മീഡിയ വഴി അപവാദ പ്രപചരണം; നാല് മലയാളികള്‍ അറസ്റ്റില്‍

By Web TeamFirst Published Sep 7, 2019, 11:26 AM IST
Highlights

 തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ഇവര്‍ യൂസഫലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.

റിയാദ്: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്കെതിരെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ നാല് മലയാളികള്‍ അറസ്റ്റിലായി. ഇവരില്‍ രണ്ടുപേര്‍ യൂസഫലിയോട്പ്പ് അപേക്ഷിക്കുകയും സോഷ്യല്‍ മീഡിയ വഴി ഖേദം പ്രകടിപ്പിക്കുകയും ചെയ്തതിന് തുടര്‍ന്ന് മോചിതരായി. തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ഇവര്‍ യൂസഫലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.

ദമ്മാമില്‍ നിന്ന് രണ്ടുപേരും ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നും ഓരോരുത്തര്‍ വീതവുമാണ് അറസ്റ്റിലായത്. കണ്ണൂര്‍ സ്വദേശി ഷാജി പുരുഷോത്തമനാണ് ദമ്മാമില്‍ നിന്ന് പിടിയിലാവരിലൊരാള്‍. യൂസഫലിയുടെ ഫേസ്ബുക്ക് പേജിലെ ഒരു കമന്റിന് മറുപടിയായി ഇയാള്‍ നടത്തിയ പ്രതികരണമാണ് അറസ്റ്റിലേക്ക് നയിച്ചത്. പിന്നീട് ഇയാള്‍ മാപ്പപേക്ഷ നല്‍കി രണ്ട് ദിവസം മുന്‍പ് പുറത്തിറങ്ങുകയായിരുന്നു. വേങ്ങര സ്വദേശി അന്‍വറാണ് ദമ്മാമില്‍ നിന്ന് പിടിയിലായ മറ്റൊരാള്‍.

കണ്ണൂര്‍ സ്വദേശി അബ്ദുല്‍ റഷീദും റിയാദില്‍ നിന്ന് അറസ്റ്റിലായി. വെള്ളിയാഴ്ച രാവിലെ ആളൊഴിഞ്ഞ സമയത്ത് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിത്തി വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞ് എന്നയാളും ജിദ്ദയില്‍ പിടിയിലായിരുന്നു. ഇയാള്‍ പിന്നീട് സോഷ്യല്‍ മീഡിയ വഴി മാപ്പപേക്ഷ നടത്തി. കര്‍ശനമായ സൈബര്‍ നിയമങ്ങളുള്ള സൗദിയില്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട കേസുകള്‍ തങ്ങളുടെ പരിധിക്കപ്പുറമുള്ള കാര്യങ്ങളാണെന്നാണ് ലുലു മാനേജ്‍മെന്റ് അറിയിച്ചത്.

click me!