
ദോഹ: ഖത്തറില്‍ നാല് വയസുകാരിയായ മലയാളി ബാലികയ്ക്ക് സ്‍കൂള്‍ ബസിനുള്ളില്‍ ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് മരിച്ചത്. സ്‍കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് അറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്ക് ചെയ്‍തതു പോയത് കുട്ടിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു.
ഞായറാഴ്ചയായിരുന്നു സംഭവം. ദോഹ അല്‍ വക്റയിലെ സ്‍പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ച്ചന്‍ കെ.ജി 1 വിദ്യാര്‍ത്ഥിനിയായിരുന്ന മിന്‍സയുടെ നാലാം പിറന്നാള്‍ ദിനം കൂടിയായിരുന്നു ഞായറാഴ്ച. രാവിലെ സ്‍കൂളിലേക്ക് പോയ കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയി. സ്‍കൂളിലെത്തി മറ്റ് കുട്ടികള്‍ ബസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഉറക്കത്തിലായിരുന്ന മിന്‍സ മാത്രം പുറത്തിറങ്ങിയില്ല. കുട്ടി ഉറങ്ങുന്നത് ശ്രദ്ധിക്കാതെയും ബസ് പരിശോധിക്കാതെയും ഡ്രൈവര്‍ വാഹനം ഡോര്‍ ലോക്ക് ചെയ്ത് പോയി. തുറസായ സ്ഥലത്താണ് ബസ് പാര്‍ക്ക് ചെയ്‍തിരുന്നത്. ബസിനകത്ത് കുട്ടി ഉള്ളത് ആരുടെയും ശ്രദ്ധില്‍പെട്ടില്ല.
മണിക്കൂറുകള്‍ക്ക് ശേഷം 11.30ഓടെ ബസ് ജീവനക്കാര്‍ ഡ്യൂട്ടിക്കായി തിരികെ എത്തിയപ്പോഴാണ് ബസിനുള്ളില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖത്തറില്‍ ഡിസൈനിങ് മേഖലയില്‍ ജോലി ചെയ്യുകയാണ് മിന്‍സയുടെ പിതാവ് അഭിലാഷ് ചാക്കോ. മാതാവ് സൗമ്യ ഏറ്റുമാനൂര്‍ കുറ്റിക്കല്‍ കുടുംബാംഗമാണ്. മിഖയാണ് സഹോദരി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കുട്ടിയുടെ മരണത്തില്‍ കുടുംബത്തെ അനുശോചനം അറിയിച്ച ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച അശ്രദ്ധ കാണിച്ചവര്‍ക്കെതിരെ ബന്ധപ്പെട്ട നിയമങ്ങള്‍ പ്രകാരം ഏറ്റവും കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ സുരക്ഷയ്ക്ക് ഏറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങളാണ് നടപ്പാക്കുന്നതെന്ന് അറിയിച്ച വിദ്യാഭ്യാസ മന്ത്രാലയം, ഇക്കാര്യത്തില്‍ ഒരു വീഴ്ചയും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Read also: അവധിക്ക് നാട്ടിൽ പോയ പ്രവാസി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam