
ദുബൈ: റാസൽഖൈമയിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടർ ചെയ്ത വിമാനങ്ങളെച്ചൊല്ലി കെഎംസിസിയില്‍ പൊട്ടിത്തെറി. കൂടിയ ടിക്കറ്റ് നിരക്ക് വാങ്ങിയെന്ന് ആരോപിച്ച് ഷാർജ കെഎംസിസി സംസ്ഥാന ജനറൽ സെകട്ടറി അടക്കം മൂന്ന് പേരെ സ്ഥാനത്ത് നിന്ന് നീക്കി. നേരത്തെ ടിക്കറ്റ് നിരക്കില്‍ ഒരു വിഹിതം കെഎംസിസി തട്ടിയെടുത്തെന്ന് ഇടത് സംഘടനകള്‍ ആരോപണം ഉന്നയിച്ചിരുന്നു.
കൊവിഡ് വ്യാപകമായതോടെ വിമാന സര്‍വീസ് നിര്‍ത്തിയപ്പോഴാണ് യുഎഇയിൽ നിന്ന് കെഎംസിസി കേരളത്തിലേക്ക് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തത്. ഇതില്‍ റാസല്‍ഖൈമയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ ടിക്കറ്റ് നിരക്കിലാണ് ആക്ഷേപം. വ്യാജ രസീതിയുണ്ടാക്കി 2000 രൂപ മുതല്‍ 6000 രൂപ വരെ ഒരു ടിക്കറ്റിന് ചില ഭാരവാഹികള്‍ അധികമായി ഈടാക്കിയെന്നാണ് കെഎംസിസിയുടെ ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തൽ. ഷാര്‍ജ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ഖാദര്‍ ചെക്കനാത്ത് അടക്കം കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേരെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി.
റാസല്‍ഖൈമയില്‍ നിന്ന് നൂറിലധികം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ പറന്നത്. ഇതിലൂടെ കോടികള്‍ തട്ടിയെടുത്തെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഭാരവാഹികള്‍ക്കെതിരെയുള്ള കെഎംസിസിയുടെ ഇപ്പോഴത്തെ നടപടി.
കൂടുതല്‍ പേര്‍ ഈ ടിക്കറ്റ് തട്ടിപ്പിന് പിന്നിലുണ്ടന്നാണ് കരുതുന്നത്. കോടിക്കണക്കിന് രൂപ ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് കാണിച്ച് കെഎംസിസി നേതൃത്വം ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഒരു പ്രമുഖ ലീഗ് നേതാവിന്‍റെ സഹോദരനാണ് തട്ടിപ്പില്‍ പ്രധാന പങ്ക് വഹിച്ചതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam