2024 ജൂലൈ 21നും 2025 ഓഗസ്റ്റ് 6നും ഇടയിലായാണ് ഇയാൾ സോഫ്റ്റ് ഡ്രിംഗ്സ് ബോട്ടിലുകളിൽ മൂത്രമൊഴിച്ചത്. ഹോങ്കോങിലെ സുപ്രാധാന ഇടങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലും 63കാരൻ എത്തിയതായി കണ്ടെത്താനായിട്ടുണ്ട്
ഹോങ്കോങ്: സൂപ്പർ മാർക്കറ്റ് ജീവനക്കാരുമായി തർക്കം. പകരം വീട്ടാൻ 63കാരൻ തെരഞ്ഞെടുത്തത് അതിക്രൂരത. ഒരു വർഷത്തോളം നീണ്ട ക്രൂരതയ്ക്ക് അവസാനിച്ചത് തുടർച്ചയായി നിരവധിപ്പേർ അസുഖബാധിതരായതിന് പിന്നാലെ. വിൽപനയ്ക്ക് വച്ച കൊക്ക കോള, സെവൻ അപ് ബോട്ടിലുകളിലും മൂത്രമൊഴിച്ച് വച്ച ശേഷം തിരികെ വയ്ക്കുകയായിരുന്നു 63കാരനായ ഫ്രാങ്ക്ലിൻ ലോ കിംഗായ് ചെയ്തത്. കൊക്ക കോളയിലും സെവൻ അപ്പിലും രുചി വ്യത്യാസം പതിവാകുന്നതായി പരാതി ഉയരുകയും 9 വയസ് പ്രായമുള്ള കുട്ടി ഗുരുതരാവസ്ഥയിലാവുകയും ചെയ്തതോടെയാണ് ബോട്ടിലുകളിൽ നടന്ന കൃത്രിമത്വം പുറത്ത് വന്നത്. ഹോങ്കോങിലെ വെൽകം, പാർക്കൻഷോപ്പ് എന്നീ സൂപ്പർ മാർക്കറ്റുകളിലെ കൂൾ ഡ്രിംഗ്സുകളിലാണ് 63കാരൻ കൃത്രിമത്വം കാണിച്ചിരുന്നത്. നിരന്തര പരാതിയേ തുടർന്ന് കൂൾഡ്രിംഗ്സ് കമ്പനി തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ഉൽപന്നത്തിൽ മൂത്രം കലർന്നതായി വ്യക്തമായി.
63 കാരൻ വിഷാദരോഗിയെന്ന് അഭിഭാഷകൻ
വിവാഹ മോചനവും സർവ്വീസിൽ നിന്നുള്ള വിരമിക്കലിനും ശേഷം വിഷാദ രോഗത്തിന് അടിമയായ 63കാരൻ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരുമായി തർക്കമുണ്ടായിരുന്നു. 2024 ജൂലൈ 21നും 2025 ഓഗസ്റ്റ് 6നും ഇടയിലായാണ് ഇയാൾ സോഫ്റ്റ് ഡ്രിംഗ്സ് ബോട്ടിലുകളിൽ മൂത്രമൊഴിച്ചത്. ഹോങ്കോങിലെ സുപ്രാധാന ഇടങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലും 63കാരൻ എത്തിയതായി കണ്ടെത്താനായിട്ടുണ്ട്. പൊതുജനത്തെ വലിയ രീതിയിൽ അലോസരപ്പെടുത്താൻ ഇടയുള്ളതിനാൽ എത്ര ബോട്ടിലുകൾ ഇത്തരത്തിൽ ഫ്രാങ്ക്ലിൻ കൃത്രിമത്വം കാണിച്ചതെന്ന് കോടതി വിശദമാക്കിയിട്ടില്ല. എന്നാൽ കോടതിയിലേക്ക് എത്തിച്ച 63കാരൻ ധരിച്ചിരുന്ന ടീ ഷർട്ടിലെ കുറിപ്പ് ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. കൊക്ക കോള ആസ്വദിക്കൂ എന്നായിരുന്നു ഇയാളുടെ ടീ ഷർട്ടിൽ എഴുതിയിരുന്നത്. പരമാവധി മൂന്ന് വർഷത്തോളം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. വിവാഹ മോചനത്തിന് പിന്നാലെ ഇയാളുടെ മകനും ഭാര്യയും വിദേശത്തേക്ക് പോയിരുന്നു. ഇതിന് ശേഷം ഇവർ ഫോണിൽ പോലും 63കാരനുമായി ബന്ധപ്പെട്ടിരുന്നില്ല.
ഇത് വയോധികനെ വിഷാദത്തിലേക്ക് തള്ളിയിട്ടുവെന്നാണ് ഇയാളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുന്നത്. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരെ പ്രാങ്ക് ചെയ്യാൻ മാത്രമായിരുന്നു 63കാരന്റെ പ്രവർത്തിയുടെ ഉദ്ദേശമെന്നും അഭിഭാഷകന്റെ വാദം. 63കാരന് ജാമ്യം നിഷേധിച്ച കോടതി, കേസ് ഒക്ടോബർ 21 ന് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി. ഇതുവരെ വയോധികനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനും കോടതി നിർദ്ദേശിച്ചിരിക്കുന്നത്. 2025 ജൂലൈ മാസത്തിൽ ശീതള പാനീയം കുടിച്ച 9 കാരൻ അസുഖബാധിതനായതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് 63കാരൻ കുപ്പി മാറ്റി വയ്ക്കുന്നത് കണ്ടെത്തിയത്.


