ശൈഖ് ഖലീഫക്ക് വേണ്ടിയുള്ള മരണാനന്തര പ്രാര്‍ത്ഥനകള്‍ യുഎഇയിലെ എല്ലാ പള്ളികളിലും ഇന്ന് നടക്കും

Published : May 13, 2022, 07:27 PM ISTUpdated : May 13, 2022, 11:29 PM IST
ശൈഖ് ഖലീഫക്ക് വേണ്ടിയുള്ള മരണാനന്തര പ്രാര്‍ത്ഥനകള്‍ യുഎഇയിലെ എല്ലാ പള്ളികളിലും ഇന്ന് നടക്കും

Synopsis

യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായ ശൈഖ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

അബുദാബി: അന്തരിച്ച യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന് വേണ്ടിയുള്ള മരണാനന്തര പ്രാര്‍ത്ഥന (മയ്യിത്ത് നമസ്‍കാരം) വെള്ളിയാഴ്‍ച യുഎഇയിലെ എല്ലാ പള്ളികളിലും നടക്കും. സൂര്യാസ്‍തമയത്തിന് ശേഷമുള്ള മഗ്‍രിബ് നമസ്‍കാരം കഴിഞ്ഞ് ശൈഖ് ഖലീഫയ്‍ക്ക് വേണ്ടിയുള്ള മയ്യിത്ത് നമസ്‍കാരം നിര്‍വഹിക്കാമെന്നാണ് യുഎഇയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്.

യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായ ശൈഖ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്‍ത്തിക്കെട്ടും. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചു. 

യുഎഇ പ്രസിഡന്റിന്റെ നിര്യാണം; ഒമാനിലും ബഹ്റൈനിലും മൂന്ന് ദിവസത്തെ ദുഃഖാചരണം

2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ യുഎഇയുടെ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തത്. യുഎഇ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം ഭരണം ഏറ്റെടുത്തത്. 2004 നവംബര്‍ രണ്ടിനായിരുന്നു ശൈഖ് സായിദ് വിടപറഞ്ഞത്.

1948ല്‍ ജനിച്ച ശൈഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയിലെ 16-ാമത് ഭരണാധികാരിയുമായിരുന്നു. രാഷ്‍ട്ര സ്ഥാപകന്‍ ശൈഖ് സായിദിന്റെ മൂത്ത മകനായിരുന്നു ശൈഖ് ഖലീഫ. ഭരണമേറ്റെടുത്ത ശേഷം യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ മാറ്റങ്ങള്‍ക്ക് ശൈഖ് ഖലീഫ നേതൃത്വം നല്‍കി. വന്‍ വികസന കുതിപ്പിലേക്ക് രാജ്യത്തെ നയിക്കുകയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം വീടുപോലെ ആ രാജ്യത്തെ പ്രിയങ്കരമാക്കുകയും ചെയ്‍ത ഭരണാധികാരിയാണ് വിടപറഞ്ഞത്.

ഇന്ത്യൻ ജനത ഒപ്പമുണ്ട്, യുഎഇ പ്രസിഡന്‍റിന്‍റെ വേർപാടിൽ 'അഗാധ ദുഃഖം' അറിയിച്ച് പ്രധാനമന്ത്രി

യുഎഇയിലെ സ്വദേശികളുടെയും പ്രവാസികളുടെയും ക്ഷേമത്തിന് പ്രഥമ പരിഗണന നല്‍കി സുസ്ഥിരമായ വികസന പദ്ധതികളിലൂടെ ഭാവിയിലേക്ക് രാഷ്‍ട്രത്തെ സജ്ജമാക്കിയ ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ. രാജ്യത്തെ എണ്ണ, വാതക രംഗത്തെ വന്‍ വികസനത്തിനും വ്യവസായ മുന്നേറ്റത്തിനും സാമ്പത്തിക വൈവിദ്ധീകരണത്തിനും അദ്ദേഹം നേതൃത്വം നല്‍കി. വടക്കന്‍ എമിറേറ്റുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുകയും ഭവന, വിദ്യാഭ്യാസ പദ്ധതികളുള്‍പ്പെടെ ഒട്ടേറെ പ്രത്യേക പദ്ധതികള്‍ അവിടങ്ങളില്‍ നടപ്പാക്കുകയും ചെയ്‍തു.

യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലേക്ക് അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയും കൊണ്ടുവന്നത് ശൈഖ് ഖലീഫയുടെ നേതൃത്വത്തിലാണ്. ജനങ്ങളുടെ പ്രശ്‍നങ്ങളില്‍ എപ്പോഴും ശ്രദ്ധപതിപ്പിച്ചിരുന്ന ജനങ്ങളാല്‍ അത്യധികം സ്‍നേ‍ഹിക്കപ്പെട്ട ഭരണാധികാരി കൂടിയായിരുന്നു ശൈഖ് ഖലീഫ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ