ജിദ്ദയിൽ നടന്ന 'ദി കംബാക്ക്' ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സൗദി താരം സുൽത്താൻ അൽ മുഹമ്മദ് സ്പാനിഷ് താരത്തെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ ടൂർണമെൻറിൽ സൗദി അറേബ്യക്ക് മികച്ച തുടക്കമായി. ആൻറണി ജോഷ്വയുടെ പ്രധാന പോരാട്ടമടക്കം നിരവധി മത്സരങ്ങൾ ഈ കായിക മാമാങ്കത്തിൻ്റെ ഭാഗമായി നടക്കുന്നുണ്ട്.

റിയാദ്: അന്താരാഷ്ട്ര ബോക്സിങ് താരങ്ങൾ അണിനിരന്ന ജിദ്ദയിലെ പ്രമുഖ കായിക മാമാങ്കമായ ‘ദി കംബാക്ക്’ ചാമ്പ്യൻഷിപ്പിൽ സൗദി അറേബ്യയുടെ സുൽത്താൻ അൽ മുഹമ്മദിന് മിന്നുന്ന വിജയം. ഫെദർവെയ്റ്റ് വിഭാഗത്തിൽ നടന്ന പോരാട്ടത്തിൽ സ്പാനിഷ് താരം ഇഫ്രെൻ ബെസാൽഡൂച്ചിനെയാണ് നാല് റൗണ്ടുകൾ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ സുൽത്താൻ കീഴടക്കിയത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങളും പ്രാദേശിക ചാമ്പ്യന്മാരും ഏറ്റുമുട്ടുന്ന ഈ ടൂർണമെൻറിൽ സൗദി അറേബ്യയ്ക്ക് മികച്ച തുടക്കമാണ് സുൽത്താെൻറ ഈ വിജയം സമ്മാനിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം തുടരുന്ന മത്സരങ്ങളിൽ കായികലോകത്തിെൻറ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കുന്നത് ടൂർണമെൻറിലെ പ്രധാന പോരാട്ടത്തിലേക്കാണ്. മുൻ ലോക ചാമ്പ്യനായ ബ്രിട്ടെൻറ ആൻറണി ജോഷ്വയും അൽബേനിയൻ താരം ക്രിസ്റ്റ്യൻ പ്രെൻഗയും തമ്മിൽ ഏറ്റുമുട്ടുന്ന ഈ പോരാട്ടം കാണാൻ വലിയ ജനപ്രവാഹമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

രാജ്യാന്തര കായിക ഇനങ്ങൾക്ക് ആതിഥ്യമരുളുന്ന സൗദി അറേബ്യയുടെ മുൻനിര കായിക നയത്തിെൻറ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ജിദ്ദ കലണ്ടറിലെ പ്രധാന ആകർഷണമായ ‘ഫൈറ്റ് വീക്ക്’ പ്രോഗ്രാമിെൻറ ഭാഗമായി, റിയാദ് സീസണുമായി സഹകരിച്ച് മാച്ച് റൂം, സെല, ഗോൾഡ് സ്റ്റാർ, ക്വീൻസ്ബെറി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഈ ലോകോത്തര ഇവന്റ് അരങ്ങേറുന്നത്. ഈ ആഗോള ബോക്സിങ് പോരാട്ടത്തിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് മൂന്ന് പ്രമുഖ താരങ്ങളാണ് റിങ്ങിലിറങ്ങുന്നത്.

  • സുൽത്താൻ അൽ മുഹമ്മദ്: ഫെദർവെയ്റ്റ് പോരാട്ടത്തിൽ സ്പെയിന്‍റെ ഇഫ്രെൻ ബെസാൽഡൂച്ചിനെ പരാജയപ്പെടുത്തി തുടക്കം ഗംഭീരമാക്കി.
  • മുഹമ്മദ് അൽ അഖൽ: സൂപ്പർ ഫെദർവെയ്റ്റ് വിഭാഗത്തിൽ മാൾട്ടയുടെ ലൈഡൻ ചിർകോപ്പുമായി ആറ് റൗണ്ട് മത്സരത്തിൽ ഏറ്റുമുട്ടുന്നു.
  • സിയാദ് അൽ മയൂഫ്: വെൽട്ടർവെയ്റ്റ് വിഭാഗത്തിൽ മെക്സിക്കൻ താരം ഫ്രാങ്ക് മാംഗോയ്‌ക്കെതിരെ എട്ട് റൗണ്ട് പോരാട്ടത്തിൽ മാറ്റുരയ്ക്കുന്നു.