
ദുബൈ: എടിഎം കൗണ്ടറില്‍ നിന്ന് പണവുമെടുത്ത് പുറത്തിറങ്ങിയ പ്രവാസിയെ നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി പണം തട്ടുകയും പരിക്കേല്‍പ്പിക്കുകയും ചെയ്‍ത സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ ജയിലിലായി. ദുബൈയിലെ മുഹൈസിനയില്‍ വെച്ചായിരുന്നു സംഭവം. യുവാവിനെ ഇവര്‍ വാഹനത്തില്‍ കയറ്റി ദുബൈ - അല്‍ഐന്‍ സ്‍ട്രീറ്റിലേക്കാണ് കൊണ്ടുപോയത്. എല്ലാ പ്രതികള്‍ക്കും അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. തട്ടിയെടുത്ത തുകയ്ക്ക് തുല്യമായ പിഴയും ഇവര്‍ അടയ്ക്കണം.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു സംഭവം. മുഹൈസിനയിലെ ഒരു എടിഎമ്മില്‍ നിന്ന് 28,000 ദിര്‍ഹം പിന്‍വലിച്ച യുവാവ് വാഹനത്തില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ പ്രതികളിലൊരാള്‍ തടഞ്ഞു. ഇതേസമയം സംഘത്തിലെ മറ്റൊരാള്‍ ഒരു ആയുധവുമായെത്തി. മറ്റ് മൂന്ന് പേര്‍ കൂടി സ്ഥലത്തെത്തുകയും യുവാവിനെ ഉപദ്രവിച്ച് ഒരു ഫോര്‍ വീല്‍ ഡ്രൈവ് വാഹനത്തില്‍ കയറ്റുകയുമായിരുന്നു.
ദുബൈ - അല്‍ ഐന്‍ റോഡിലേക്കാണ് വാഹനം ഓടിച്ചുപോയത്. യാത്രയ്ക്കിടെ ശരീരമാസകലം ക്രൂരമായി മര്‍ദിക്കുകയും പണം കൈക്കലാക്കുകയും ചെയ്‍തു. റോഡരികില്‍ ഒരിടത്ത് വാഹനം നിര്‍ത്തി ഇയാളോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. വന്ന വഴിയിലൂടെ തിരികെ ഓടാനായിരുന്നു സംഘത്തിന്റെ നിര്‍ദ്ദേശം. ഓട്ടത്തിനിടെ പിന്നാലെയെത്തിയ ഒരാള്‍ കൈയിലും കാലിലും പല തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്‍തു. തുടര്‍ന്ന് വാഹനത്തില്‍ എല്ലാവരും രക്ഷപ്പെട്ടു.
മര്‍ദനമേറ്റ് അവശനായ യുവാവ് അതുവഴി വന്ന മറ്റ് യാത്രക്കാരുടെ സഹായത്തോടെ പൊലീസിനെ വിവരമറിയിക്കുകയും ആംബുലന്‍സ് വിളിക്കുകയും ചെയ്തു. മുഹൈസിനയില്‍ വെച്ച് ഒരുകൂട്ടം ആളുകള്‍ ഒരാളെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന് ഒരു വാഹന ഡ്രൈവര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇവരുടെ വാഹനത്തിന്റെ നമ്പറും ഇയാള്‍ കൈമാറി. ഇത് പിന്തുടര്‍ന്ന് ദുബൈ പൊലീസിന്റെ സിഐഡി വിഭാഗം നടത്തിയ അന്വേഷണത്തില്‍ എല്ലാവരും വലയിലായി.
വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. എടിഎമ്മില്‍ നിന്ന് പണം എടുത്ത് പുറത്തിറങ്ങുന്നവരെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും അവിടെ നിന്ന് കോടതിയില്‍ എത്തുകയുമായിരുന്നു. വിചാരണ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.
Read also: കേരളത്തില്‍ കൊലപാതകം നടത്തി മുങ്ങിയ മലയാളി 17 വര്‍ഷത്തിന് ശേഷം സൗദി പൊലീസിന്റെ പിടിയില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam