കാറിന്റെ ഗ്ലാസ് പൊട്ടിച്ച് ചാര്‍ജറും ഇയര്‍ഫോണും മോഷ്ടിച്ചു; അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Jan 7, 2020, 7:27 PM IST
Highlights

കാറിന്റെ ഗ്ലാസ് പൂര്‍ണമായി തകര്‍ന്നത് കണ്ട കാറുടമ, ഏതെങ്കിലും കുട്ടികള്‍ കല്ലെറിഞ്ഞതോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സംഭവിച്ചതോ ആവുമെന്നാണ് കരുതിയത്. എന്നാല്‍ കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന ചാര്‍ജറും ഇയര്‍പോഡും നഷ്ടമായതോടെയാണ് കവര്‍ച്ച നടത്താനായി ഗ്ലാസ് പൊട്ടിച്ചതാണെന്ന് മനസിലായത്. 

ഫുജൈറ: കാറിന്റെ ഗ്ലാസ് പൊട്ടിച്ച് കവര്‍ച്ച നടത്തിയ അഞ്ച് പ്രവാസികള്‍ ഫുജൈറയില്‍ അറസ്റ്റിലായി. പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്ന കാറില്‍ നിന്ന് സ്മാര്‍ട്ട് ഫോണിന്റെ ചാര്‍ജറും ഒരു സെറ്റ് ഇയര്‍പോഡുമാണ് പ്രതികള്‍ കവര്‍ന്നത്. അഞ്ച് പേരെയും ഫുജൈറ കോടതിയില്‍ ഹാജരാക്കി.

കാറിന്റെ ഗ്ലാസ് പൂര്‍ണമായി തകര്‍ന്നത് കണ്ട കാറുടമ, ഏതെങ്കിലും കുട്ടികള്‍ കല്ലെറിഞ്ഞതോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സംഭവിച്ചതോ ആവുമെന്നാണ് കരുതിയത്. എന്നാല്‍ കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന ചാര്‍ജറും ഇയര്‍പോഡും നഷ്ടമായതോടെയാണ് കവര്‍ച്ച നടത്താനായി ഗ്ലാസ് പൊട്ടിച്ചതാണെന്ന് മനസിലായത്. തുടര്‍ന്ന് ഫുജൈറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഉടന്‍ അന്വേഷണം ആരംഭിച്ച പൊലീസ്, അഞ്ച് പ്രതികളെയും കണ്ടെത്തി അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി. പ്രതികളിലൊരാള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം താന്‍ റോഡിലൂടെ നടക്കുക മാത്രമാണ് ചെയ്തതെന്നും മോഷണത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ പ്രതികളിലെ മറ്റൊരാള്‍ കുറ്റം സമ്മതിച്ചു. ഇയര്‍പോഡും ചാര്‍ജറും കാറിനുള്ളില്‍ വെച്ചിരിക്കുന്നത് കണ്ടുവെന്നും സുഹൃത്തുക്കളുടെ സഹായത്തോടെ ഗ്ലാസ് തകര്‍ത്ത് അവ മോഷ്ടിച്ചുവെന്നും ഇയാള്‍ പറഞ്ഞു.

കാറില്‍ പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മറ്റൊന്നും ലഭിച്ചില്ലെന്നും ഇവര്‍ പറഞ്ഞു. അഞ്ച് പ്രതികളും കസ്റ്റഡിയിലാണ്. കേസ് അടുത്തയാഴ്ച പരിഗണിക്കാനായി കോടതി മാറ്റിവെച്ചു.

click me!