
ദോഹ: ഗാസ മധ്യസ്ഥ ശ്രമങ്ങളിൽ ഈജിപ്തിന്റെ പങ്ക് മറച്ചുവെക്കാൻ പണം നൽകിയെന്ന മാധ്യമ വാർത്തകളെ ശക്തമായി അപലപിച്ച് ഖത്തർ. ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിനും ബന്ദി മോചനത്തിനുമുള്ള മധ്യസ്ഥ ശ്രമങ്ങൾ ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിലാണ് നടന്നത്. ഈജിപ്ത് നടത്തിയ ഇടപെടലുകളെ മറച്ചുവെയ്ക്കാനും ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് കൂടുതൽ മാധ്യമ ശ്രദ്ധ ലഭിക്കാനും പണം നൽകിയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇത് അടിസ്ഥാന രഹിതമാണെന്നും സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനാണെന്നും ഖത്തര്‍ ഇന്റർനാഷണൽ മീഡിയ ഓഫീസ് ആരോപിച്ചു.
മേഖലയിലെ സംഘർഷഭീതി അവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള മധ്യസ്ഥ ശ്രമങ്ങളുടെ വിജയം ഉറപ്പാക്കുന്നതിന് ഈജിപ്ത് വഹിക്കുന്ന പങ്കിനെ ഖത്തർ പ്രശംസിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി. ഗാസയിലെ ദുരിതങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും മധ്യസ്ഥശ്രമങ്ങളെ അട്ടിമറിക്കാനുമാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതെന്നും യുദ്ധത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഖത്തർ ആരോപിച്ചു. ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ പരിഹരിക്കുക, സാധാരണക്കാരെ സംരക്ഷിക്കുക, ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം ഉറപ്പാക്കുക എന്നിവക്കാണ് മുൻഗണനയെന്നും ഖത്തർ ആവർത്തിച്ചു.
read more: പെരുന്നാൾ ആഘോഷം : ഗതാഗതവും സുരക്ഷയും ഉറപ്പാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam