
ദോഹ: ഇന്ത്യയുടെ യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനം ഖത്തറിലും പൂർണതോതിൽ നടപ്പാക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ എത്തിയിരുന്നു. ഇതോടെയാണ് ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്ന യുപിഐ പെയ്മെന്റ് സംവിധാനം ഖത്തറിൽ പൂർണതോതിൽ നടപ്പാക്കാൻ തീരുമാനമായത്.
ഇന്ത്യയുടെ യുപിഐ സംവിധാനം ഖത്തറിൽ എത്തുന്നതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു. ദോഹയിൽ നടന്ന ഖത്തർ വെബ് സമ്മിറ്റിൽ സംസാരിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ അംബാസഡർ വെളിപ്പെടുത്തിയത്. ഖത്തറിൽ ഉടൻ തന്നെ പൂർണതോതിൽ യുപിഐ നടപ്പിലാക്കും. ഇതിനായി ഖത്തർ നാഷണൽ ബാങ്കുമായുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ആദ്യ ഘട്ട പരീക്ഷണം വിജയകരമായതിനാൽ ലോഞ്ചിങ്ങും നടത്തിക്കഴിഞ്ഞു. ഇതോടെ ഖത്തറും ഇന്ത്യയും തമ്മിലുള്ള ഡിജിറ്റൽ പണമിടപാടുകൾ വർധിക്കുമെന്നും അംബാസഡർ പറഞ്ഞു.
ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ എട്ട് ലക്ഷത്തോളം വരും. യുപിഐ സംവിധാനം പൂർണതോതിൽ നടപ്പാക്കുന്നതോടെ പ്രവാസികൾക്ക് ഇനി ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ ലളിതമാക്കാൻ കഴിയും. റസ്റ്റോറന്റുകൾ, റീടെയിൽ ഷോപ്പുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മാളുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം യുപിഐ സേവനം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പണമിടപാട് നടത്തുമ്പോൾ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്നായിരിക്കും പണം ഈടാക്കുന്നത്. ഇങ്ങനെ വരുമ്പോൾ ഖത്തർ ദിർഹത്തിന്റെ ആവശ്യമില്ലാതെ തന്നെ ഇടപാടുകൾ നടത്താൻ കഴിയും.
read more: മൃതദേഹം നാട്ടിലേക്ക് അയയ്ക്കില്ല; യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയയായ ഷഹ്സാദി ഖാന്‍റെ സംസ്കാരം ഇന്ന്
ഖത്തറിൽ യുപിഐ സംവിധാനം നടപ്പാക്കുന്നത് ഇന്ത്യയുടെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനത്തെ ആഗോളവത്കരിക്കുന്നതിൽ സുപ്രധാന നാഴികക്കല്ലായി മാറും. ഇത് നിലവിൽ വരുന്നതോടെ ഇന്ത്യൻ പ്രവാസികൾക്കും വിനോദ സഞ്ചാരികൾക്കും രാജ്യത്തുടനീളം യുപിഐ വഴി പണമിടപാട് നടത്താനാകും. ചുരുങ്ങിയ ദിവസത്തേക്ക് ഖത്തറിൽ സന്ദർശനത്തിന് എത്തുന്ന ഇന്ത്യൻ പ്രവാസികൾക്കാകും ഈ തീരുമാനം കൊണ്ട് കൂടുതൽ പ്രയോജനം ഉണ്ടാകുന്നത്. ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് രംഗത്ത് വിപ്ലവം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ. ഫോൺ പേ അടക്കമുള്ള നിരവധി ആപ്ലിക്കേഷനുകൾ യുപിഐ സംവിധാനം പ്രയോജനപ്പെടുത്തുന്നുമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ യുപിഐ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ