
ദുബൈ: യുഎഇയിൽ ഓട്ടിസം ബാധിതയായ എട്ടു വയസ്സുകാരിയെ മുത്തശ്ശി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ദുബൈ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ മുത്തശ്ശിയാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് പെൺകുട്ടിയെ വസ്ത്രം മാറാൻ സഹായിക്കുകയാണെന്ന വ്യാജേന വസ്ത്രം ഊരുകയും അത് കുട്ടിയുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
പെൺകുട്ടി അഫ്ഗാനിയാണ്. സമീപത്തുള്ള പള്ളിയിലെ ഇമാമായിരുന്നു പെൺകുട്ടിയുടെ പിതാവ്. സംഭവം നടക്കുന്ന സമയത്ത് താൻ പുറത്തായിരുന്നെന്നും തിരിച്ചെത്തിയപ്പോൾ അനക്കമില്ലാതെ കിടക്കുന്ന മകളെയാണ് കണ്ടതെന്നും പിതാവ് പോലീസിനോട് പറഞ്ഞു. ഉടൻ തന്നെ ആംബുലൻസ് വിളിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നെങ്കിലും പെൺകുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നു.
read more: വാഹനം ഇല്ലാത്തവർക്കും ട്രാഫിക് പിഴ, ഖത്തറിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ്
ഓട്ടിസം ബാധിതയായ മകളെ നോക്കാനായാണ് തന്റെ മാതാപിതാക്കളെ സന്ദർശന വിസയിൽ ദുബൈയിലേക്ക് കൊണ്ടുവന്നതെന്ന് പിതാവ് പറയുന്നു. കുട്ടിയെ പരിചരിക്കുന്ന കാര്യത്തിൽ മുത്തശ്ശി നിരന്തരം വഴക്കിടാറുണ്ടെന്നും അതിനാലാണ് ഇവരെ സംശയിക്കുന്നതെന്നും കുട്ടിയുടെ പിതാവ് പറയുന്നു. സംഭവം നടന്നതായി വിവരം ലഭിച്ച ഉടൻ തന്നെ ക്രമിനൽ അന്വേഷണ ഉദ്യോഗസ്ഥരെയും ഫോറൻസിക് ഉദ്യോഗസ്ഥരെയും ദുബൈ പോലീസ് സ്ഥലത്തേക്ക് അയച്ചിരുന്നു. നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുട്ടിയെ ജീവനോടെ അവസാനം കണ്ടത് മുത്തശ്ശിയാണ്. മുത്തശ്ശി കുറ്റം സമ്മതിക്കുകയും ചെയ്തു. കുട്ടിയുടെ അസുഖം തന്നെ മടുപ്പിച്ചതായും ഈ അവസ്ഥയിൽ നിന്ന് തന്റെ മകനെ മോചിപ്പിക്കാനാണ് കൃത്യം നടത്തിയതെന്നും പ്രതി പറഞ്ഞു. കൂടുതൽ ചികിത്സയ്ക്കായി കുട്ടിയെ ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കൂടുതൽ നിയമ നടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഭവത്തിൽ അധികൃതരുടെ അന്വേഷണം പൂർത്തിയാകുന്നതോടെ കേസിന്റെ വിചാരണ ആരംഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ