ആഭ്യന്തര മന്ത്രാലയത്തിൽ നിന്നെന്ന വ്യാജേനയാണ് മെസ്സേജ് ലഭിച്ചത്
ദോഹ: ഖത്തറിൽ ട്രാഫിക് പിഴയുടെ പേരിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ് നടത്താൻ ശ്രമം. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നെന്ന വ്യാജേനയാണ് പലർക്കും മെസ്സേജ് ലഭിച്ചത്. 'നിങ്ങളുടെ വാഹനത്തിന്റെ പേരിൽ ഗതാഗത നിയമലംഘനത്തിന് പിഴയുണ്ട്. അധിക പിഴ ഒഴിവാക്കുന്നതിനായി ഉടൻ തന്നെ താഴെ കാണുന്ന ലിങ്ക് വഴി പണം അടച്ചു തീർക്കണമെന്ന' മുന്നറിയിപ്പുമായാണ് എസ്.എം.എസ് സന്ദേശങ്ങൾ ലഭിച്ചത്. വാഹനം ഇല്ലാത്തവർക്കും ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിച്ചു.
ആധികാരികമെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള സന്ദേശത്തിൽ പണമടക്കാൻ ആവശ്യപ്പെട്ട് അയച്ച ലിങ്ക്, ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റിനെ അനുകരിച്ചുകൊണ്ട് ഏതാനും അക്ഷരങ്ങളുടെ മാറ്റം മാത്രമുള്ളതായിരുന്നു. ചിലർക്ക് സർക്കാറിന്റെ കേന്ദ്രീകൃത വെബ്സൈറ്റായ ഹുകൂമി (https://hukoomi.gov.qa) യുമായി സാമ്യതയുള്ള യുആർഎൽ ഉപയോഗിച്ചാണ് തട്ടിപ്പുകാർ സന്ദേശം അയച്ചത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ മെട്രാഷ് ആപ്പിന്റെ യുആർഎൽ എന്ന് തെറ്റുധരിപ്പിക്കുന്ന തരത്തിലും മെസ്സേജുകൾ ചിലർക്ക് ലഭിക്കുന്നുണ്ട്.
read more: ഒമാനിലെ ഫ്രീ സോണുകളിലെ നിക്ഷേപം 21 ബില്യൺ ഒമാനി റിയാലിലെത്തിയെന്ന് പബ്ലിക് അതോറിറ്റി
ബാങ്കുകളുടെ പേരിലും തട്ടിപ്പ് എസ് എം എസുകൾ സജീവമാണ്. പ്രധാന ബാങ്കുകളിലൊന്നായ ഖത്തർ നാഷണൽ ബാങ്കിന്റെ (ക്യു.എൻ.ബി) പേരിലാണ് വ്യാജ സന്ദേശം പരക്കുന്നത്. 'നിങ്ങളുടെ പേരിലെ ബോണസ് പോയന്റുകൾ മൂന്ന് ദിവസത്തിനുള്ളിൽ കാലാവധി കഴിയും. ഉടൻ ഉപയോഗിച്ച് സാമ്പത്തിക ലാഭം നേടാമെന്ന' സന്ദേശമയച്ചാണ് വ്യാജ വെബ്സൈറ്റ് യുആർഎൽ തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. എന്നാൽ, ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നേരെത്തെ നിരന്തരം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എസ്എംഎസ്, മൊബൈൽ ഫോൺ വിളികൾ, ഇ മെയിൽ തുടങ്ങിയവയിലൂടെ തട്ടിപ്പുകാരുടെ കെണികളിൽ വീണ് വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്ന് അധികൃതർ ഓർമിപ്പിച്ചു.
