
കുവൈത്ത് സിറ്റി: കുവൈത്തിൽ മതിയായ രേഖകളില്ലാതെ താമസിച്ച 62 ശ്രീലങ്കൻ പൗരന്മാരെ നാടുകടത്തിയതായി അറിയിച്ച് കുവൈത്തിലെ ശ്രീലങ്കന്‍ എംബസി. അനധികൃതമായി താത്കാലിക പാസ്‌പോർട്ടിൽ താമസിച്ചവരെയാണ് നാടുകടത്തിയത്. നാടുകടത്തപ്പെട്ടവർ കടുനായകെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി ശ്രീലങ്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
നാടുകടത്തപ്പെട്ടവരില്‍ 59 പേര്‍ ഗാര്‍ഹിക തൊഴിലാളികളാണ്. ഗാര്‍ഹിക സേവന തൊഴിലുകളിലെ കരാറുകള്‍ അവസാനിച്ച ശേഷം കുവൈത്തില്‍ വിവിധ ജോലികള്‍ ചെയ്ത് വരികയായിരുന്നു ഇവര്‍. 250 ദിനാർ മാസ ശമ്പളത്തിൽ കുവൈത്തിലെ താൽക്കാലിക ഷെൽട്ടറുകളിൽ താമസിച്ചിരുന്നവരാണ് ഇവരെന്ന് ശ്രീലങ്കൻ എംബസി വക്താവ് പറഞ്ഞു.
കുവൈത്തിലെ ശ്രീലങ്കൻ എംബസി, ആഭ്യന്തര മന്ത്രാലയം, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, കോടതികൾ, മറ്റ് ബന്ധപ്പെട്ട അതോറിറ്റികള്‍ എന്നിവയുടെ സഹകരണത്തോടെ അവരുടെ താത്കാലിക പാസ്പോര്‍ട്ടുകള്‍ തയാറാക്കി ശ്രീലങ്കയിലേക്ക് തിരിച്ച് അയക്കുകയായിരുന്നു. രണ്ടായിരത്തിലധികം ശ്രീലങ്കൻ ഗാർഹിക തൊഴിലാളികൾ രാജ്യത്തേക്ക് മടങ്ങാൻ കുവൈത്തിലെ ശ്രീലങ്കൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also - പ്രവാസികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുക ഈ രാജ്യത്ത്; സര്‍വേ റിപ്പോര്‍ട്ട് പുറത്ത്
രാജ്യത്തെ നാടുകടത്തൽ കേന്ദ്രങ്ങളിലുള്ളത് 784 പ്രവാസി തടവുകാർ; വെളിപ്പെടുത്തി കുവൈത്ത് സുരക്ഷാ അധികൃതര്‍
കുവൈത്ത് സിറ്റി: കുവൈത്തിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ നിലവില്‍ 784 തടവുകാരാണ് ഉള്ളതെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. ഇതില്‍ 334 പുരുഷന്മാർ, 450 സ്ത്രീകൾ, 15 കുട്ടികൾ എന്നിവരാണുള്ളത്. നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന തടവുകാരിൽ ഭൂരിഭാഗവും ഏഷ്യൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഭക്ഷണം, പാനീയങ്ങൾ, ആരോഗ്യപരിപാലനം എന്നിവയ്ക്കുള്ള ചെലവുകൾക്കായി ആഭ്യന്തര മന്ത്രാലയം ഒരു തടവുകാരന് വേണ്ടി ശരാശരി പ്രതിദിനം 10 കുവൈത്തി ദിനാർ ആണ് ചെലവാക്കുന്നത്. കുട്ടികൾക്ക് പാൽ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു ദിവസത്തെ ചെലവ് ഏകദേശം 15 ദിനാർ ആണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്ലിനിക്കുകളും ഡെന്റൽ ക്ലിനിക്കും സജ്ജമാക്കി തടവുകാരുടെ ക്ഷേമം ഉറപ്പാക്കാൻ ജയിൽ അഡ്മിനിസ്ട്രേഷൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യാത്രാ തീയതികളും ഉയർന്ന ടിക്കറ്റ് നിരക്കും പോലുള്ള കാരണങ്ങൾ കൊണ്ടാണ് പലരുടെയും നാടുകടത്തൽ വൈകുന്നത്.
Read Also - പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ പരിശോധന; 168 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു
ഇതിനിടെ, നാടുകടത്തപ്പെട്ട ചില സ്ത്രീകൾക്ക് കുട്ടികൾക്കൊപ്പം തന്നെ യാത്ര ചെയ്യാൻ ചാരിറ്റബിൾ കമ്മിറ്റികളുടെയോ ദാതാക്കളുടെയോ സഹായത്തോടെ ടിക്കറ്റുകൾ ക്രമീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ദിവസേന ഏകദേശം 150 പ്രവാസികളെ നാടുകടത്തി. എല്ലാ സുരക്ഷാ മാനദണ്ഢങ്ങളും പാലിച്ചും വനിതാ പൊലീസിന്‍റെ പിന്തുണയോടെയുമാണിത്. നാടുകടത്തല്‍ കേന്ദ്രത്തില്‍ ആകെ 1,200 പേരെയാണ് തടവില്‍ പാര്‍പ്പിക്കാനുള്ള സംവിധാനമുള്ളത്. ഇതില്‍ 700 പുരുഷന്മാര്‍ക്കും 500 സ്ത്രീകള്‍ക്കുമാണ് സൗകര്യമുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ