Latest Videos

ഗൾഫിലെ വ്യോമയാന ചരിത്രത്തിന്‍റെ കഥ പറഞ്ഞ് അൽ മഹത്താ മ്യൂസിയം

By Jojy JamesFirst Published Jul 22, 2023, 2:47 PM IST
Highlights

ഒരു കാലത്ത് ആകാശയാത്രകളിലെ രാജാവായിരുന്ന ഡക്കോട്ട വിമാനവും ലോകത്തിലെ ആദ്യ കൊമേഴ്സ്യല്‍ ജെറ്റ് എയര്‍ ക്രാഫ്റ്റ് ആയ കോമറ്റും എല്ലാം പഴയ കാലത്തിന്‍റെ പ്രൗഡിയും പേറി ഇവിടെ സന്ദര്‍ശകരെ വരവേല്‍ക്കുന്നു.

ഷാര്‍ജ: മധ്യപൂര്‍വദേശത്തിന്‍റെ വ്യോമയാന ചരിത്രത്തിന്‍റെ കഥ പറയുകയാണ് ഷാര്‍ജയിലെ അൽ മഹത്താ മ്യൂസിയം. ഗൾഫ് മേഖലയിലെ ആദ്യ വിമാനത്താവളം ഇന്ന് തിരക്കേറിയ നഗരമാണ്. പക്ഷേ വ്യോമയാന ചരിത്രത്തിന്‍റെ അവശേഷിപ്പുകൾ ഒരു തിരുശേഷിപ്പ് പോലെ ഇപ്പോഴും അവിടെയുണ്ട്. വരും തലമുറയ്ക്ക് ഗൾഫിലെ വ്യോമയാന ചരിത്രം പറഞ്ഞു കൊടുക്കാന്‍.

ഏകദേശം തൊണ്ണൂറു വര്‍ഷങ്ങൾക്ക് മുമ്പ് 1932ലാണ് അൽ മഹത്താ വിമാനത്താവളത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരും ഷാര്‍ജ ഭരണാധികാരിയും തമ്മിലുള്ള ധാരണ പ്രകാരം ബ്രിട്ടന്‍റെ വിമാനങ്ങൾക്കുള്ള ഇടത്താവളമെന്ന നിലയിലാണ് ഈ വിമാനത്താവളം വികസിപ്പിക്കുന്നത്. ഇന്ത്യയിലേക്കും ഓസ്ട്രേലിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളായിരുന്നു ഇവിടെ രാത്രി തങ്ങിയിരുന്നത്. 1932 ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് നാലു മണിക്കാണ് ഇവിടെ ആദ്യ വിമാനം ലാന്‍ഡ് ചെയ്തത്. ഗൾഫിലെ വ്യോമയാന ചരിത്രത്തിലെ പുതിയ അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു അത്.

Read Also -  കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതിയ പദ്ധതിയുമായി അബുദാബി
 
 1932 മുതൽ 1977 വരെയുള്ള കാലയളവില്‍ ഇതിലെ കടന്നു പോയ ഒരു ഡസനോളം വിമാനങ്ങളെ നമുക്കിവിടെ കാണാം. ഒരു കാലത്ത് ആകാശയാത്രകളിലെ രാജാവായിരുന്ന ഡക്കോട്ട വിമാനവും ലോകത്തിലെ ആദ്യ കൊമേഴ്സ്യല്‍ ജെറ്റ് എയര്‍ ക്രാഫ്റ്റ് ആയ കോമറ്റും എല്ലാം പഴയ കാലത്തിന്‍റെ പ്രൗഡിയും പേറി ഇവിടെ സന്ദര്‍ശകരെ വരവേല്‍ക്കുന്നു. 1947ൽ നിര്‍മിച്ച ആസ്റ്റര്‍ ഓട്ടോക്രാറ്റ് എന്ന ഈ എയര്‍ക്രാഫ്റ്റും മഹത്താ മ്യൂസിയവുമായി വലിയൊരു ബന്ധമുണ്ട്. മഹാത്താ വിമാനത്താവളം വഴി സര്‍വീസ് നടത്തിയിരുന്ന ഈ വിമാനം 2012ല്‍ അൽ മഹത്താ എയര്‍ പോര്‍ട്ടിന്‍റെ എണ്‍പതാം വാര്‍ഷികത്തില്‍ ഷാര്‍ജ നഗരത്തിനു മുകളിലൂടെ വീണ്ടും പറന്ന് വിസ്മയം സൃഷ്ടിച്ചിട്ടുണ്ട്
 
 വിമാനങ്ങൾ കാണാന്‍ മാത്രമല്ല, വിമാനങ്ങളെ കുറിച്ചുള്ള ഒട്ടേറെ അറിവുകളും ഇവിടെയുണ്ട്. വിവിധ തരത്തിലുള്ള കോക്പിറ്റുകൾ സന്ദര്‍ശകര്‍ക്ക് കണ്ടറിയാം. വിമാനത്തിന്‍റെ എഞ്ചിനുകളെയും അവയുടെ പ്രവര്‍ത്തന രീതികളെയും അടുത്ത് മനസിലാക്കാനും മഹാത്താ മ്യൂസിയത്തില്‍ അവസരമുണ്ട്. വിമാനങ്ങളുടെ ബ്ലാക്ക് ബോക്സും കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറുമാണ് മറ്റൊരു കൗതുക കാഴ്ച. മഹത്താ വിമാത്താവളത്തില്‍ ഉപയോഗിച്ചിരുന്ന വിവിധ ആശയവിനിമയ ഉപകരണങ്ങളും മറ്റും ഇപ്പോഴും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. മഹാത്താ വിമാനത്താവളത്തിന്‍റെ ഭാഗമായിരുന്ന ഷാര്‍ജയിലെ ആദ്യ സിനിമ തിയറ്ററിനെ കുറിച്ചും ഇവിടെ അറിയാം. രണ്ടാം ലോകമഹായുദ്ധം മുതൽ ബ്രിട്ടന്റെ വ്യോമതാവളമായി ഉപയോഗിച്ചിരുന്ന സമയത്തെ ഒട്ടേറെ ഉപകരണങ്ങളും ഇവിടെ ഇപ്പോഴുമുണ്ട്.
 
ഈച്ച മുതൽ ബഹിരാകാശ യാത്ര വരെ നീളുന്ന പറക്കലിന്‍റെ ചരിത്രം ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നു. വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം അറിവിന്‍റെ വലിയൊരു ലോകം കൂടിയാണ് ഇത്. താല്‍പര്യമുള്ളവര്‍ക്ക് സിമുലേഷന്‍ വഴി വിമാനം പറത്താനും സൗകര്യമുണ്ട്. ഒപ്പം ഷാര്‍ജയുടെ വിമാനക്കമ്പനിയായ എയര്‍ അറേബ്യയുടെ വളര്‍ച്ചയുടെ കഥയുമറിയാം.വിമാനത്താവളത്തിൽ വരുന്ന യാത്രക്കാര്‍ക്ക് താമസിക്കാനും മറ്റുമായി നിര്‍മിച്ച കോട്ട ഇപ്പോഴും ഇവിടെയുണ്ട്. 1977ൽ ഷാര്‍ജയില്‍ പുതിയ വിമാനത്താവളം വന്നതോടെയാണ് മഹത്താ വിമാനത്താവളം ഉപയോഗിക്കാതെ വന്നത്. വിമാനത്താവളത്തിന് ചുറ്റും വലിയ കെട്ടിടങ്ങളും ഉയര്‍ന്നു. 2000ൽ ആണ് വിമാനത്താവളം മ്യൂസിയമാക്കി മാറ്റിയത്. എല്ലാ ദിവസവും രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് പ്രവേശനം.

click me!