
മസ്‌കറ്റ് : ജനങ്ങള്‍ക്കിടയില്‍ ജീവിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മസ്‌കറ്റ് കെഎംസിസി പ്രസിഡന്റ് അഹമ്മദ് റഈസ് അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ജീവിതത്തിലെയും പെരുമാറ്റത്തിലെയും ലാളിത്യം കൊണ്ട് വത്യസ്തനായിരുന്ന ഉമ്മന്‍ ചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യ മന്ത്രിയായിരുന്നു.
പ്രവാസ ലോകത്തിന് ഉമ്മന്‍ ചാണ്ടിയുടെ വിയോഗം തീരാനഷ്ടമാണ്. പ്രവാസി വിഷയങ്ങളില്‍ മുന്‍ കാലങ്ങളില്‍ അദ്ദേഹം കൈകൊണ്ട നിലപാടുകള്‍ ഏറെ ശ്രദ്ധേയമാണ്. കെഎംസിസി യുമായുള്ള അദ്ദേഹത്തിന്റെ സ്‌നേഹ ബന്ധത്തെയും അഹമ്മദ് റഈസ് അനുസ്മരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ മസ്‌കറ്റ് കെഎംസിസി അനുശോചനം രേഖപ്പെടുത്തി.
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ കൈരളി ഒമാന്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ നിര്യാണം കേരള രാഷ്ട്രീയത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിനും കനത്ത നഷ്ടമാണ്. വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമല്ല, കേരളത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെയും നഷ്ടമായിത്തന്നെയാണ് കാണേണ്ടത്. എല്ലാവരുമായും സൗഹൃദം പങ്കിടാനും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ സ്‌നേഹവായ്പ്പ് പിടിച്ചുപറ്റാനും സാധിച്ച അപൂര്‍വ രാഷ്ട്രീയനേതാവാണ് ഉമ്മന്‍ചാണ്ടി. ജീവിതത്തിന്റെ വലിയൊരു ഭാഗം, നിയമസഭാംഗമെന്ന നിലയില്‍ പാര്‍ലമെന്ററി പ്രവര്‍ത്തന മേഖലയില്‍ വിനിയോഗിച്ച രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി.
Read Also - വധശിക്ഷയില്‍ നിന്ന് മലയാളിയെ രക്ഷപ്പെടുത്തി; ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ വേദനിച്ച് പ്രവാസലോകം
ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജനങ്ങളുമായി ഇടപഴകുന്നതിലും ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, യുഡിഎഫ് കണ്‍വീനര്‍ എന്നീ നിലകളില്‍ കേരള രാഷ്ട്രീയത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടയും ദുഃഖത്തില്‍ കൈരളി ഒമാനും പങ്കുചേരുന്നതായും സംഘടന അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam