
റിയാദ്: ഈജിപ്ഷ്യൻ കൊല്ലപ്പെട്ട കേസിൽ സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പഞ്ചാബ് സ്വദേശിക്ക് മോചനം. റിയാദിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലിൽ 10 ലക്ഷം റിയാൽ (ഏകദേശം രണ്ട് കോടി രൂപ) കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ദിയാധനം നൽകിയാണ് ഒത്തുതീർപ്പുണ്ടായത്. സൗദിയിലെ കീഴ്കോടതികളും മേൽകോടതിയും വധശിക്ഷ വിധിച്ച് ജയിലിൽ മരണത്തെ മുഖാമുഖം കണ്ട പഞ്ചാബ് മുഖ്തസർ സാബ് മല്ലാൻ സ്വദേശി ബൽവീന്ദർ സിംഗാണ് തിരിച്ചുകിട്ടിയ ജീവനുമായി നാട്ടിലേക്ക് മടങ്ങിയത്.
ഏതു സമയവും വധശിക്ഷക്ക് ഇരയായേക്കാവുന്ന അവസ്ഥയില്‍ നിന്ന് തന്നെ ജീവിതത്തിലേക്ക് തിരിച്ചുനടത്തിച്ച മലയാളിയായ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരിയെയും സാമൂഹിക പ്രവർത്തൻ യാക്കൂബ് ഖാനെയും കെട്ടിപ്പിടിച്ച് കരഞ്ഞാണ് 10 വർഷമായി ജയിലിൽ കഴിഞ്ഞ ബൽവീന്ദർ സിംഗ് വിമാനം കയറിയത്. വ്യാഴാഴ്ച വൈകീട്ട് നാലു മണിക്കാണ് എയർ ഇന്ത്യ വിമാനത്തിൽ അമൃത്സറിലേക്ക് തിരിച്ചു.
2013 മെയ് 25ന് റിയാദ് അസീസിയയിലെ താമസസ്ഥലത്തുണ്ടായ അടിപിടിക്കിടെ ഈജിപ്ഷ്യൻ പൗരനായ ഈദ് ഇബ്രാഹീം കൊല്ലപ്പെട്ടതാണ് കേസിന്നാധാരം. രാത്രി ഒമ്പത് മണിക്ക് ടോയ്ലറ്റിന് സമീപം തൊഴിലാളികളെ ഭീഷണിപ്പെടുത്താൻ കത്തിയുമായി എത്തിയതായിരുന്നു ഈദ് ഇബ്രാഹീം. അവിടെയെത്തിയ ബൽവീന്ദർ സിംഗിനെയും ഇയാള്‍ ഭീഷണിപ്പെടുത്തി. തുടർന്ന് നിലത്ത് കിടന്നിരുന്ന വടിയെടുത്ത് ഈദ് ഇബ്രാഹീമിെൻറ തലയിലും ശരീരത്തിെൻറ വിവിധ ഭാഗങ്ങളിലും അടിച്ചു. അടിയേറ്റ് ഈദ് നിലത്ത് വീണു. ബന്ധുവായ ജിതേന്ദർ സിംഗും ബല്വീന്ദറിനോടൊപ്പമുണ്ടായിരുന്നു.
സഹപ്രവർത്തകർ മുറിവേറ്റ് രക്തമൊലിക്കുന്ന ഈദിെൻറ തലയില്‍ വെള്ളമൊഴിക്കുകയും പിന്നീട് റൂമില്‍ കൊണ്ടുപോയി കിടത്തുകയും ചെയ്തു. ശേഷം തൊഴിലുടമയെ വിവരമറിയിച്ചു. ഇതിനിടെ രക്തം വാർന്ന് മരിച്ചു. പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ബൽവീന്ദർ സിംഗും ജിതേന്ദർ സിംഗും അറസ്റ്റിലായി. ജിതേന്ദര്‍ സിംഗിന് മൂന്നു വർഷം തടവും ബൽവീന്ദർ സിംഗിന് വധശിക്ഷയുമാണ് കോടതി വിധിച്ചത്. ജിതേന്ദര്‍ സിംഗ് ജയില് ശിക്ഷ കഴിഞ്ഞ് നാട്ടിലേക്ക് പോയിരുന്നു.
കീഴ്കോടതികളും മേൽകോടതിയും വധശിക്ഷ ശരിവെച്ചിരിക്കെ കേസിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബല്വിന്ദര്‍ സിംഗിൻറെ ബന്ധുക്കള്‍ ഇന്ത്യൻ എംബസിയെ സമീപിച്ചു. എംബസി രാജസ്ഥാന് സ്വദേശിയായ സാമൂഹിക പ്രവര്ത്തകന് മുഹമ്മദ് യാക്കൂബ് ഖാന് ബന്ധുക്കള്ക്ക് വേണ്ടി കേസിലിടപെടാൻ അനുമതി നൽകി. ബന്ധുക്കൾ യാക്കൂബിെൻറ പേരിൽ പവർ ഓഫ് അറ്റോർണിയും നൽകി. തുടർന്ന് യാക്കൂബ് പല സൗദി പ്രമുഖരുമായും ബന്ധപ്പെട്ട് നിയമോപദേശം നേടി. ശേഷം ഈജിപ്ഷ്യൻ എംബസിയിലെത്തി അറ്റാഷെയുമായി സംസാരിച്ചു. അവർ ഈദ് ഇബ്രാഹീമിെൻറ കുടുംബത്തെ ബന്ധപ്പെട്ടു. 25 ലക്ഷം റിയാലാണ് ദിയാധനമായി അവർ ആദ്യം ആവശ്യപ്പെട്ടത്. വീണ്ടും ചർച്ച തുടരുകയും അവസാനം 10 ലക്ഷം റിയാലിൽ ഒത്തുതീർപ്പിലെത്തുകയും ചെയ്തു.
Read More- ഛര്‍ദ്ദി പറ്റിയ സീറ്റില്‍ ഇരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു
വധശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കെയാണ് മാപ്പ് ദിയാധനം നൽകിയാൽ മാപ്പാകാമെന്ന് ഈദിെൻറ കുടുംബം സമ്മതിച്ചത്. തുടര്‍ന്ന് അപ്പീല്‍ കോടതിയെ എംബസി സമീപിച്ചു. ആറ് മാസത്തിനുള്ളില്‍ പണം നല്കണമെന്നും ഇല്ലെങ്കില്‍ ഉടന്‍ ശിക്ഷ നടപ്പാക്കണമെന്നും കോടതി ഉത്തരവിടുകയും ചെയ്തു. 2021 നവംബര്‍ 23നാണ് കേസില്‍ വഴിത്തിരവായ ഈ കോടതി വിധിയുണ്ടായത്. പണം മുഴുവന്‍ നാട്ടില്‍ നിന്ന് സ്വരൂപിച്ച് കോടതിയില്‍ അടക്കുകയായിരുന്നു. പിന്നീട് കോടതി നടപടിക്രമങ്ങള്‍ പൂര്ത്തിയാക്കാന് മാസങ്ങളെടുത്തു. ബൽവീന്ദർ സിംഗിെൻറ വിരലടയാളം പതിയാത്തതായിരുന്നു ആദ്യം നേരിട്ട പ്രശ്നം. അത് ശരിയായപ്പോള്‍ അദ്ദേഹം ഹുറൂബാണെന്ന് കണ്ടെത്തി. സ്പോണ്സറെ സഹകരിപ്പിച്ച് ഹുറൂബ് പിന്വലിപ്പിച്ച് ഫൈനല്‍ എക്സിറ്റ് അടിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ജയില് മോചിതനായത്.
കേസ് നടത്തിയ സാമൂഹിക പ്രവര്ത്തകന് മുഹമ്മദ് യാക്കൂബ് ഖാന്‍ കേസ് കഴിയുന്നത് വരെ അപ്പീല് കോടതി യാത്രാവിലക്ക് ഏര്പ്പെടുത്തിയിരുന്നു. അടുത്ത ദിവസം വിലക്ക് നീങ്ങുമെന്നാണ് ഇദ്ദേഹത്തിെൻറ പ്രതീക്ഷ. ഉടന്‍ നാട്ടിലേക്ക് പോകും. തൻറെ പിതാവും സഹോദരിയും മരിച്ചപ്പോള് നാട്ടില് പോകാന് സാധിച്ചിരുന്നില്ലെന്നദ്ദേഹം പറഞ്ഞു. കേസില്‍ തുടക്കം മുതല്‍ എംബസിയെ പ്രതിനിധീകരിച്ച് കോടതിയിലെത്തിയത് യൂസുഫ് കാക്കഞ്ചേരിയും കുടുംബത്തെ പ്രതിനിധീകരിച്ച് മുഹമ്മദ് യാക്കൂബ് ഖാനുമാണ്.
(ഫോട്ടോ: ബൽവീന്ദർ സിംഗ് (മധ്യത്തിൽ) എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരിക്കും സാമൂഹിക പ്രവർത്തൻ യാക്കൂബ് ഖാനുമൊപ്പം)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam