
ദില്ലി: ഈ വർഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ഹജ്ജ് കമ്മറ്റി ഓഫ് ഇന്ത്യ അറിയിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് പത്താം തീയ്യതിയാണ്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‍സൈറ്റായ https://hajcommittee.gov.in/ലൂടെയും, ഹജ്ജ് കമ്മിറ്റിയുടെ HCOI മൊബൈല്‍ ആപ്പിലൂടെയും അനുബന്ധ രേഖകൾ സഹിതം അപേക്ഷകൾ സമർപ്പിക്കാം.
1,75,025 പേരുടെ ക്വാട്ടയാണ് ഇത്തവണ ഇന്ത്യയ്ക്ക് സൗദി ഭരണകൂടം അനുവദിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഹജ്ജ് നയം അനുസരിച്ച് 80 ശതമാനം ക്വാട്ടയും സര്‍ക്കാര്‍ മുഖേനയും 20 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയും ആയിരിക്കും. കഴിഞ്ഞ വര്‍ഷം ഇത് 70:30 ആയിരുന്നു. ഇതിന് പുറമെ വി.ഐ.പി ഹജ്ജ് ക്വാട്ട പൂര്‍ണമായും നിര്‍ത്തലാക്കുകയും ഹജ്ജിന് അപേക്ഷിക്കാനുള്ള 300 രൂപയുടെ ഫീസ് പൂര്‍ണമായും എടുത്തുകളയുകയും ചെയ്‍തിട്ടുണ്ട്. രാജ്യത്തെ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം 25 ആക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളാണ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍.
ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ചെലവ് പരമാവധി കുറയ്ക്കാനുള്ള തീരുമാനങ്ങള്‍ എടുത്തുവെന്നും അര ലക്ഷം രൂപയുടെയെങ്കിലും കുറവ് ഇക്കുറി ഓരോ തീര്‍ത്ഥാടകനും ഉണ്ടാവുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്‍ദുല്ലക്കുട്ടി അറിയിച്ചിരുന്നു. ഹാജിമാരില്‍ നിന്ന് പണം ഈടാക്കി ഹജ്ജ് കമ്മിറ്റി ബാഗ്, കുട എന്നിവ വാങ്ങി നല്‍കുന്ന രീതി ഇക്കുറി ഉണ്ടാവില്ല. പകരം ഹാജിമാര്‍ തന്നെ അവര്‍ക്ക് ആവശ്യമായ ബാഗും കുടയും കൊണ്ടുവന്നാല്‍ മതിയാവും. ബാഗിന്റെയും കുടയുടെയും പേരില്‍ വലിയ അഴിമതി നടന്നിരുന്നുവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഹാജിമാരില്‍ നിന്ന് ഇന്ത്യന്‍ രൂപ വാങ്ങി സൗദി റിയാലാക്കി കൈവശം വെയ്ക്കാന്‍ കൊടുത്തിരുന്ന നടപടിയും ഇക്കുറി ഉണ്ടാവില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ