ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് തുടക്കം, ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്നത് 79000ത്തിലധികം തീർത്ഥാടകർ

By Web TeamFirst Published Jul 7, 2022, 6:53 AM IST
Highlights

കൊവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം തീർത്ഥാടകർക്ക് ഹ‍‍ജ്ജിന് അവസരമൊരുങ്ങുന്നത്

അബുദാബി: ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. മിന താഴ്വരയിൽ ഇന്ന് കഴിച്ചുകൂട്ടുന്ന തീർത്ഥാടകർ പ്രാർഥനകളിൽ മുഴുകും. ദുൽഹജ്ജ് എട്ട് ആയ ഇന്ന് രാവിലെ മുതൽ വൈകിട്ട് വരെ ടെന്‍റുകളുടെ നഗരമെന്നറിയപ്പെടുന്ന മിനയിലാകും നമസ്കാരമടക്കമുള്ള ചടങ്ങുകൾ തീർത്ഥാടകർ നിർവഹിക്കുക. നാളെയാണ് അറഫ സംഗമം. ഇന്ത്യയിൽ നിന്ന് 79362 തീർഥാടകർക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചത്.

കൊവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം തീർത്ഥാടകർക്ക് ഹ‍‍ജ്ജിന് അവസരമൊരുങ്ങുന്നത്. സൗദിയിൽ ശനിയാഴ്ചയും കേരളത്തിൽ ഞായറാഴ്ചയുമാണ് ബലി പെരുന്നാൾ.

കിടപ്പു രോഗികളായ ഹജ്ജ് തീർത്ഥാടകരെ ആംബുലൻസുകളിൽ മക്കയിലെത്തിച്ചു

കിടപ്പുരോഗികളായ ഹജ്ജ് തീര്‍ത്ഥാടകരെ പ്രത്യേക ആംബുലന്‍സുകളില്‍ മക്കയിലെത്തിച്ചു. ചൊവ്വാഴ്ച സൗദി ആരോഗ്യ മന്ത്രാലയമാണ് മദീനയിലെ ആശുപത്രികളില്‍ നിന്ന് ഇവരെ മക്കയില്‍ എത്തിച്ചത്. 10 ആംബുലന്‍സുകളാണ് ഇതിനായി മന്ത്രാലയം സജ്ജമാക്കിയത്.

ഡോക്ടര്‍മാരുടെയും നഴ്‍സുമാരുടെയും പാരമെഡിക്കല്‍ ജീവനക്കാരുടെയും സംഘം രോഗികളെ അനുഗമിച്ചു. ഒപ്പം രോഗികളില്ലാത്ത അഞ്ച് ആംബുലന്‍സുകളും, ഒരു ഐ.സി.യു ആംബുലന്‍സും, ഒരു ഓക്സിജന്‍ ക്യാബിന്‍, ഒരു മൊബൈല്‍ ഫസ്റ്റ് എയിഡ് യൂണിറ്റ് എന്നിവയും അടിയന്തര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ വാഹന വ്യൂഹത്തിലുണ്ടായിരുന്നു. രോഗികളെ അനുഗമിക്കുന്ന ബന്ധുക്കളെ പ്രത്യേക ബസില്‍ മക്കയിലെത്തിച്ചു. ഹജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കിടപ്പുരോഗികള്‍ക്ക് എല്ലാ വര്‍ഷവും ഇത്തരത്തില്‍ സൗദി ഭരണകൂടം സൗകര്യങ്ങള്‍ ഒരുക്കാറുണ്ട്.

പുണ്യനഗരികളില്‍ സൗദി ആരോഗ്യ മന്ത്രാലയം വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദിവസം 1000 ഡയാലിസിസുകള്‍ എന്ന കണക്കില്‍ ഒരു മാസം കൊണ്ട് 30,000 ഡയിലിസിസുകള്‍ക്കുള്ള സംവിധാനങ്ങള്‍ മക്കയിലും മദീനയിലും എത്തുന്ന വൃക്ക രോഗികളായ തീര്‍ത്ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 10 മെഷീനുകള്‍ ഉള്‍പ്പെടുന്ന മൊബൈല്‍ ഡയാലിസിസ് യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിലോ അല്ലെങ്കില്‍ ഡയാലിസിസ് സൗകര്യമില്ലാത്ത ആശുപത്രികളിലും ഇത് ഉപയോഗിക്കാനാവും.

സൗദി അറേബ്യയിലെ കടുത്ത ചൂടില്‍ തീര്‍ത്ഥാടകര്‍ക്ക് സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യത ഇക്കുറി ആരോഗ്യ മന്ത്രാലയം മുന്നില്‍കാണുന്നുണ്ട്. സൂരാഘാതം സംബന്ധമായ കേസുകള്‍ക്ക് ചികിത്സ നല്‍കാനായി മാത്രം 238 ബെഡുകള്‍ ആശുപത്രികളില്‍ സജ്ജമാക്കി.  ചൂടിന്റെ ആഘാതം കുറയ്‍ക്കാനായി മിസ്റ്റിങ് ഫാനുകള്‍ പോലുള്ളവയും സ്ഥാപിച്ചിട്ടുണ്ട്. 

click me!