
റിയാദ്: ഉമ്മുൽഖുറ യൂനിവേഴ്സിറ്റിക്ക് കീഴിലെ ഖാദിമുൽ ഹറമൈൻ ഹജ്ജ് ആൻഡ് ഉംറ ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച 25-ാമത് ഹജ്ജ്, ഉംറ ഫോറവും പ്രദർശവും മദീനയിൽ ആരംഭിച്ചു. മേഖല ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ഫോറം ഉദ്ഘാടനം ചെയ്തു. വിഷൻ 2030 ലക്ഷ്യങ്ങൾക്കുള്ളിൽ ഹജ്ജ്, ഉംറ, സന്ദർശന സംവിധാനത്തിൽ സൗദി സാക്ഷ്യം വഹിക്കുന്ന ഗുണപരമായ വികസനത്തിന്റെ വിപുലീകരണമാണ് ഫോറമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ഇസ്‍ലാമിനെയും മുസ്‍ലിംങ്ങളെയും സേവിക്കാനുള്ള യാത്രയിൽ തീർഥാടകരെ സേവിക്കുന്നതിനുള്ള ഈ പരിപാടി ഒരു പ്രധാന ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നുവെന്നും ഗവർണർ സൂചിപ്പിച്ചു.
50 ലധികം സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഫോറവും പ്രദർശനവും സംഘടിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത ഗവേഷകരുടെയും വിദഗ്ധരുടെയും ഒരു സംഘം പങ്കെടുക്കുന്ന ഫോറത്തിൽ വർക്ക്‌ഷോപ്പുകളും ശാസ്ത്രീയ സെഷനുകളും 47 ശാസ്ത്രീയ പോസ്റ്ററുകളും 30 നൂതന പദ്ധതികളും 60 ലധികം ശാസ്ത്രീയ പ്രബന്ധങ്ങളും ഉൾപ്പെടും.
ഹജ്ജ്, ഉംറ ഫോറത്തോടനുബന്ധിച്ച് ഒരുക്കിയ പ്രദർശനത്തിൽ തീർഥാടന സേവന മേഖലയിലെ ഏറ്റവും പുതിയ ഡിജിറ്റൽ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹജ്ജ്, ഉംറ മന്ത്രാലയം, ഇരുഹറം കാര്യാലയം, ഹജ്ജ്, ഉംറ സുരക്ഷാ സേന, സാങ്കേതിക, ലോജിസ്റ്റിക് സേവനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ സർക്കാർ, അക്കാദമിക് സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. സൗദി വിഷൻ 2030, ഗസ്റ്റ്സ് ഓഫ് ഗോഡ് പ്രോഗ്രാം എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി തീർഥാടകർ, സന്ദർശകർ എന്നിവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്ന ഗതാഗതം, താമസം, ജനക്കൂട്ട നിയന്ത്രണം, ആരോഗ്യ സംരക്ഷണം, പാർപ്പിടം, ഡിജിറ്റൽ ആപ്ലിക്കേഷനുകൾ, കൃത്രിമബുദ്ധി എന്നിവയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിച്ചതിലുൾപ്പെടും.
ഇരുഹറമുകളിലെത്തുന്ന സന്ദർശകർക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുന്നതിനായി വൈദഗ്ധ്യം കൈമാറ്റം ചെയ്യുക, പുതിയ വികസനങ്ങൾ പ്രദർശിപ്പിക്കുക, നവീകരണം പ്രോത്സാഹിപ്പിക്കുക, അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾക്കിടയിൽ പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നിവയാണ് പ്രദർശനത്തിന്റെ ലക്ഷ്യം. ഹജ്ജ്, ഉംറ, സന്ദർശന മേഖലകളിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെയും സാങ്കേതികവിദ്യകളെയും കുറിച്ച് അറിയുക, കൂടാതെ തീർഥാടകരെ സേവിക്കുന്നതിനായി സർക്കാർ, സ്വകാര്യ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ നൽകുന്ന വിവിധ സേവനങ്ങളും സംരംഭങ്ങളെയും പരിചയപ്പെടുത്തലും പ്രദശനത്തിൽ ലക്ഷ്യമിടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ