കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാർക്ക് ആശ്വാസവാര്‍ത്ത

By Web TeamFirst Published Nov 22, 2018, 12:07 AM IST
Highlights

രണ്ട് വർഷത്തിലേറെയായി ജോലിയോ താമസ രേഖയോ ഇല്ലാതെ ദുരിതത്തിലായ മലയാളികൾ ഉൾപ്പെടെയുള്ള 79 നഴ്സുമാർക്ക് ഇനി ജോലിയിൽ പ്രവേശിക്കാനാകും. ഇത് സംബന്ധിച്ച കരാറിൽ...
 

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാർക്ക് ആശ്വാസം. രണ്ട് വർഷത്തിലേറെയായി ജോലിയോ താമസ രേഖയോ ഇല്ലാതെ ദുരിതത്തിലായ മലയാളികൾ ഉൾപ്പെടെയുള്ള 79 നഴ്സുമാർക്ക് ഇനി ജോലിയിൽ പ്രവേശിക്കാനാകും. ഇത് സംബന്ധിച്ച കരാറിൽ കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ ഒപ്പുവെച്ചു.

രണ്ട് വർഷം മുമ്പ് ആരോഗ്യമന്ത്രാലയ വിസയിൽ എത്തിയ നഴ്സുമാരാണ് ജോലിയിൽ കയറാനാകാതെ കുവൈറ്റിൽ കുടുങ്ങിയത്. റിക്രൂട്ട്മെന്റിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നും ബജറ്റില്‍ ഒഴിവ് വകയിരുത്താത്തതിന്റെയും ഭാഗമായാണ് ഇവരുടെ നിയമനം സിവിൽ സർവ്വീസ്‌ കമ്മീഷൻ റദ്ദ് ചെയ്തത്. 

കുവൈറ്റിലെ സാമൂഹ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ആവശ്യപ്രകാരം കുവൈറ്റിലെ ഇന്ത്യൻ എംബസി ഇവരുടെ പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ട അധികാരികളോട് നിരന്തരം ബന്ധപ്പെട്ടാണ് പ്രശ്നപരിഹാരം ഉണ്ടായത്. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം അധികാരികളുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായതിൽ ഏറെ ആശ്വാസത്തിലാണ് നഴ്‌സുമാർ.

കുടുംബ വിസയിൽ കഴിയുന്ന ഏതാനും ചിലരുടെ കാര്യത്തിലും ഉടനടി തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ആദ്യ പടിയെന്നോണം ഇവരുടെ താമസ രേഖ പുതുക്കുന്നതിന് ഭാഗമായി ആരോഗ്യക്ഷമത പരിശോധനാ നടപടികൾ പൂർത്തിയാക്കിയിരുന്നു. 

click me!