രണ്ട് കുട്ടികളെ നഷ്ടമായ മലയാളി ദമ്പതികള്‍ മൂന്നാമത്തെ കുഞ്ഞിനെ രക്ഷിക്കാന്‍ ദുബായില്‍ ദുരിതപര്‍വം താണ്ടുന്നു

By Web TeamFirst Published Nov 21, 2018, 11:04 PM IST
Highlights

ഓഗസ്റ്റ് 27നാണ് സജിന മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. മാസം തികയാതെ നടന്ന പ്രസവത്തിലെ സങ്കീര്‍ണ്ണതകള്‍ കാരണം ഒന്നിനുപിറകെ ഒന്നായി രണ്ട് പേരും മരണത്തിന് കീഴടങ്ങി. അവശേഷിക്കുന്ന പെണ്‍കുട്ടി 85 ദിവസമായി ദുബായ് സുലേഖ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്കുള്ള ഐ.സി.യുവില്‍ തുടരുകയാണ്. 

ദുബായ്: ഒറ്റപ്രസവത്തിലെ മൂന്ന് കുഞ്ഞുങ്ങളില്‍ രണ്ട് പേരെയും നഷ്ടമായ മലയാളി ദമ്പതികള്‍ മൂന്നാമത്തെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ദുരിതപര്‍വം താണ്ടുന്നു. തിരുവനന്തപുരം സ്വദേശികളായ സജിത്ത് ഹബീബ് ഭാര്യ സജിന സജിത്ത് എന്നിവരാണ് മൂന്ന് മാസം മുന്‍പ് ജനിച്ച തങ്ങളുടെ കണ്‍മണി അപകട നില തരണം ചെയ്യുന്നതും കാത്തിരിക്കുന്നത്.

ഓഗസ്റ്റ് 27നാണ് സജിന മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. മാസം തികയാതെ നടന്ന പ്രസവത്തിലെ സങ്കീര്‍ണ്ണതകള്‍ കാരണം ഒന്നിനുപിറകെ ഒന്നായി രണ്ട് പേരും മരണത്തിന് കീഴടങ്ങി. അവശേഷിക്കുന്ന പെണ്‍കുട്ടി 85 ദിവസമായി ദുബായ് സുലേഖ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്കുള്ള ഐ.സി.യുവില്‍ തുടരുകയാണ്. ആശുപത്രിയില്‍ ബില്ലടയ്ക്കാന്‍ മുതല്‍ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റും പാസ്‍പോര്‍ട്ടും വരെയുള്ള രേഖകള്‍ ശരിയാക്കാനും വരെ ഓടി തളര്‍ന്നിരിക്കുകയാണ് സജിത്ത്. 85 ദിവസം പ്രായമായ കുഞ്ഞിന് ഇപ്പോള്‍ 1.3 കിലോഗ്രാമാണ് ഭാരം. നേരത്തെ മരിച്ച രണ്ട് പേര്‍ക്കും 460 ഗ്രാം മാത്രമായിരുന്നു ജനന സമയത്തുണ്ടായിരുന്നത്.

ഗര്‍ഭകാലത്തിന്റെ 23-ാം ആഴ്ചയിലാണ് മൂന്ന് കുട്ടികള്‍ ജനിച്ചത്. ശ്വാസകോശം പൂര്‍ണ്ണമായി വികാസം പ്രാപിക്കാത്ത അവസ്ഥയായ എക്സ്ട്രീം ലങ് ഡിസീസ് ഓഫ് പ്രിമെച്യുരിറ്റിയാണ് കുട്ടിയെ അലട്ടുന്നത്. ശ്വാസകോശം വികസിക്കാത്തതിനാല്‍ സ്വമേധയാ ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണിത്. മാസം തികയാതെ പ്രസവിക്കപ്പെടുന്ന കുട്ടികളില്‍ പതിവുള്ളതാണ് ഇത്തരം പ്രശ്നങ്ങള്‍. 23-ാം ആഴ്ചയില്‍ പ്രസവിക്കപ്പെടുന്ന കുട്ടികള്‍ രക്ഷപെടാനുള്ള സാധ്യത 15 മുതല്‍ 20 ശതമാനം വരെയാണെന്ന് ആശുപത്രിയിലെ നവജാത ശിശുരോഗ വിദഗ്ദന്‍ ഡോ. ശ്രീധര്‍ കലാണസുന്ദരം പറഞ്ഞു.

ചികിത്സയില്‍ നില മെച്ചപ്പെട്ടാല്‍ ആറ് മുതല്‍ എട്ടാഴ്ച വരെയുള്ള ചികിത്സക്ക് ശേഷം കുഞ്ഞിന് ആശുപത്രി വിടാമെന്നാണ് ‍ഡോക്ടര്‍മാരുടെ അഭിപ്രായം. ഭീമമായ തുകയാണ് ഇതുവരെയുള്ള ചികിത്സക്ക് ചിലവായത്. ഇതില്‍ ആറ് ലക്ഷത്തോളം ദിര്‍ഹം സജിത്തിന്റെ ഇന്‍ഷുറന്‍സ് പ്ലാനില്‍ നിന്ന് ലഭിച്ചു. ഇന്‍ഷുറന്‍സിന്റെ പരിധി അവസാനിച്ച ശേഷം ദിവസവും ഏഴായിരം ദിര്‍ഹത്തോളമാണ് ഐ.സി.യുവില്‍ കുഞ്ഞിന് ചികിത്സക്ക് ആവശ്യമായി വരുന്നത്. കുഞ്ഞിന്റെ ഒറിജിനല്‍ ജനന സര്‍ട്ടിഫിക്കറ്റ് ആശുപത്രി അധികൃതര്‍ പിടിച്ചുവെച്ചിരിക്കുന്നതിനാല്‍ പാസ്‍പോര്‍ട്ടിന് അപേക്ഷിനാവുന്നില്ല.

പ്രസവം നാട്ടിലെ ആശുപത്രിയിലാക്കണമെന്നായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി അഞ്ച് മാസം ഗര്‍ഭിണിയായപ്പോള്‍ തന്നെ നാട്ടിലേക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്തു. പോകേണ്ട തീയ്യതിക്ക് ഒരാഴ്ച മുന്‍പ് സ്ഥിതി സങ്കീര്‍ണ്ണമാവുകയും സജിനയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അതീവ സങ്കീര്‍ണ്ണമായ അവസ്ഥയായിരുന്നതിനാല്‍ നാട്ടിലേക്ക് പോകാന്‍ ട്രാവല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. അധികം വൈകാതെ ദുബായില്‍ തന്നെ പ്രസവം നടന്നു.

രണ്ട് കുട്ടികളെ നഷ്ടമായ വേദനയ്ക്കിടയിലും അവശേഷിക്കുന്നയാളുടെ ആരോഗ്യം പതിയെ മെച്ചപ്പെട്ടുവരുന്ന സന്തോഷമാണ് ഇവരുടെ ആകെയുള്ള ആശ്വാസം. 20 ഗ്രാമോളം ഭാരം കൂടിയതായി കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ അറിയിച്ചു. വയറ്റിലെ ട്യൂബ് വഴിയാണ് ഭക്ഷണം നല്‍കുന്നത്. പ്രതിരോധ വ്യവസ്ഥ അടക്കമുള്ള ശരീരത്തിലെ എല്ലാ അവയവങ്ങളും വികസിച്ച് സാധാരണ പ്രവര്‍ത്തനം ആര്‍ജ്ജിക്കുന്നത് വരെയുള്ള കാലം നിര്‍ണ്ണായകമാണ്. ഏറ്റവും മികച്ച ചികിത്സ ലഭിച്ചാല്‍ പോലും സാധാരണ നിലയിലാവാന്‍ മാസങ്ങളെടുക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കടപ്പാട്: ഖലീജ് ടൈംസ്

click me!