
ദുബായ്: കാലാവസ്ഥാ മുന്നറിയിപ്പിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പരക്കുന്നു. അടുത്ത ദിവസങ്ങളില്‍ അന്തരീക്ഷ താപനില 47 മുതല്‍ 50 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ മുന്‍കരുതലുകളെടുക്കണമെന്നും അറിയിക്കുന്ന സന്ദേശമാണ് ഏറ്റവുമൊടുവില്‍ വാട്‍സ്ആപ് ഗ്രൂപ്പുകള്‍ വഴിയും ഇ മെയിലിലും മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ വഴിയും പരക്കുന്നത്.
സാധാരണക്കാരെ പരിഭ്രാന്തരാക്കാന്‍ പറ്റിയ സന്ദേശമാണെങ്കിലും ഒറ്റനോട്ടത്തില്‍ തന്നെ വ്യജമാണെന്ന് തിരിച്ചറിയാനാവും. സിവില്‍ ഡിഫന്‍സ് കമാന്‍ഡ്, മിനിസ്ട്രി ഓഫ് ഹെല്‍ത്ത് മിനിസ്ട്രി ഓഫ് എണ്‍വയോണ്‍മെന്റ് എന്നിങ്ങനെയാണ് സന്ദേശത്തിന്റെ തുടക്കത്തില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ മിനിസ്ട്രി ഓഫ് എണ്‍വയോണ്‍മെന്റ് എന്ന പേരില്‍ ഒരു മന്ത്രാലയം നിലവിലില്ല.
കടുത്ത ചൂടുള്ളപ്പോള്‍ വാഹനങ്ങളില്‍ ഫുള്‍ടാങ്ക് ഇന്ധനം നിറയ്ക്കരുതെന്നും വൈകുന്നേരങ്ങളില്‍ ഇന്ധനം നിറയ്ക്കരുതെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങളാണുള്ളത്. എന്നാല്‍ അതീവ സുരക്ഷയോടെ നിര്‍മ്മിച്ചിരിക്കുന്ന വാഹനങ്ങളുടെ ഇന്ധന ടാങ്കുകള്‍ക്ക് വേനല്‍ കാലത്തെ ചൂടുകൊണ്ടുണ്ടാകുന്ന മര്‍ദ്ദം താങ്ങാനാവും. ഇതുകൊണ്ടുതന്നെ ഫുള്‍ടാങ്ക് ഇന്ധനം നിറയ്ക്കുന്നതില്‍ അപകടമില്ല. വൈകുന്നേരങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും അശാസ്ത്രീയമാണ്.
എന്നാല്‍ ചൂടുള്ള സമയത്ത് വെള്ളം നിറച്ച കുപ്പി വാഹനങ്ങളില്‍ വെച്ചിട്ട് പോകുന്നത് തീപിടുത്തത്തിന് കാരണമാവാം. കടുത്ത സൂര്യപ്രകാശത്തില്‍ കുപ്പിയ്ക്കുള്ളിലെ വെള്ളം ലെന്‍സുപോലെ പ്രവര്‍ത്തിക്കുകയും സൂര്യരശ്മികളെ കേന്ദ്രീകരിച്ച് തീപിടിപ്പിക്കുകയും ചെയ്യും. ഇക്കാര്യം വിശദീകരിക്കുന്ന ഒരു വീഡിയോ ദൃശ്യം ചുവടെ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam