സൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദേശം

By Web TeamFirst Published Feb 7, 2019, 1:04 AM IST
Highlights

സൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പ്രദേശവാസികൾ തിങ്കളാഴ്ച വരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. 

റിയാദ്: സൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പ്രദേശവാസികൾ തിങ്കളാഴ്ച വരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇന്നുമുതൽ വരുന്ന തിങ്കളാഴ്ച വരെ സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.

അറാർ, തുറൈഫ്, സകാക്ക, ഹായിൽ യാമ്പു തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്.  മക്ക, ജിദ്ദ, ദമ്മാം, ജുബൈൽ, അൽ ഹസ നജ്‌റാൻ എന്നിവിടങ്ങളിൽ ശനിയാഴ്ചവരെ പൊടിക്കാറ്റ് അനുഭവപ്പെട്ടേക്കാം.

ശനി വരെയുള്ള ദിവസങ്ങളിൽ അറാറിലും തുറൈഫിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ തബൂക്ക് പ്രവിശ്യയിൽ ഈ ദിവസങ്ങളിൽ കനത്ത മഴയ്‌ക്കാണ്‌ സാധ്യത. മക്ക പ്രവിശ്യയിൽ വെള്ളി ശനി ദിവസങ്ങളിൽ ഇടത്തരം ഇടിയോടുകൂടിയ മഴയ്‌ക്കാണ്‌ സാധ്യത. റിയാദ് പ്രവിശ്യയിലും ദമ്മാമിലും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്ചവരെയുള്ള ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. 

click me!