ഒമാൻ–ഇന്ത്യ സാമ്പത്തിക സഹകരണത്തിന് പുതിയ അധ്യായം തുറന്ന് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒമാനും ഇന്ത്യയും ഒപ്പുവെച്ചു. സമുദ്ര പൈതൃകം മുതൽ വ്യവസായ-വാണിജ്യ സഹകരണം വരെ ഉൾക്കൊള്ളുന്ന നാല് പ്രധാന ധാരണാപത്രങ്ങള്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
ദില്ലി: ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്‍റെ 70-ാം വാര്‍ഷികത്തിലാണ് ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെത്തിയത്. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് മോദി ഒമാനിലെത്തിയത്. മോദിയുടെ രണ്ടാമത്തെ ഒമാൻ സന്ദര്‍ശനമാണിത്. 2018 ഫെബ്രുവരിയിലാണ് മോദിയുടെ ആദ്യ സന്ദര്‍ശനം. എന്നാല്‍ ഇത്തവണത്തെ സന്ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്. ഒമാൻ–ഇന്ത്യ സാമ്പത്തിക സഹകരണത്തിന് പുതിയ അധ്യായം തുറന്ന് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒമാനും ഇന്ത്യയും ഒപ്പുവെച്ചു.
മോദിക്ക് വൻ വരവേൽപ്പ്
ഒമാനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. മസ്‌കത്ത് വിമാനത്താവളത്തില്‍ പ്രതിരോധകാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ് പ്രധാന മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. ഒമാനിലെത്തിയ മോദി സുൽത്താൻ ഹൈതം ബിൻ താരിഖുമായി ചർച്ച നടത്തി. വ്യാഴാഴ്ച രാവിലെ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തിയ മോദി, ഇന്ത്യൻ പ്രവാസിസമൂഹവുമായും സംവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’പുരസ്കാരം ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് സമ്മാനിച്ചു.
വിവിധ മേഖലകളിൽ സഹകരണം
സമുദ്ര പൈതൃകം മുതൽ വ്യവസായ-വാണിജ്യ സഹകരണം വരെ ഉൾക്കൊള്ളുന്ന നാല് പ്രധാന ധാരണാപത്രങ്ങള്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. സമുദ്ര പൈതൃകം, ഗവേഷണം, നൈപുണ്യ വികസനം, കൃഷി എന്നീ മേഖലകൾക്ക് പുതിയ ഊർജമാകുകയാണ്. സമുദ്ര പൈതൃകവും മ്യൂസിയങ്ങളും, ശാസ്ത്രീയ ഗവേഷണവും നവോത്ഥാനവും, നൈപുണ്യ വികസനവും കൃഷിയും, കൂടാതെ വ്യവസായ-വാണിജ്യ രംഗത്തെ തന്ത്രപരമായ സഹകരണവും ഉൾപ്പെടുത്തി നാല് ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചത്.
സമഗ്ര സാമ്പത്തിക സഹകരണ കരാർ
ഇന്ത്യ - ഒമാൻ സമഗ്ര സാമ്പത്തിക സഹകരണ കരാർ നിലവിൽ വന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈത്തം ബിൻ താരിഖിന്റെയും സാന്നിധ്യത്തിലാണ് സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടത്. ഇന്ത്യയിൽ നിന്നുള്ള 98 ശതമാനം ഉൽപ്പന്നങ്ങൾക്ക് ഒമാനിലേക്ക് നികുതിയില്ലാതെ കയറ്റുമതി സാധ്യമാകും. രണ്ടു വർഷത്തെ തുടർച്ചയായ ചർച്ചകൾക്ക് ശേഷമാണ് ഇന്ത്യ - ഒമാൻ സമഗ്ര സാമ്പത്തിക സഹകരണ കരാർ യാഥാർത്ഥ്യമായത്. ജിസിസിയിൽ യുഎഇക്ക് ശേഷം രണ്ടാമതായി ഇന്ത്യുമായി കരാറൊപ്പിടുന്ന രാജ്യമായി ഒമാൻ. അമേരിക്കയ്ക്ക് ശേഷം 20 വർഷത്തെ ഇടവേളക്ക് ശേഷം ഒരു സ്വതന്ത്ര സമഗ്ര വ്യാപാര കരാർ ഒപ്പിടുന്നത് ഇന്ത്യയുമായാണ് എന്നത് മറ്റൊരു പ്രത്യേകത. പ്രധാനമന്ത്രിയുടെയും, ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും സാന്നിധ്യത്തിൽ കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയുഷ് ഗോയലും, ഒമാൻ വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖ്വയ്‌സ് ബിൻ മുഹമ്മദ് അൽ യൂസഫുമാണ് കരാറിൽ ഒപ്പു വെച്ചത്.
ഇന്ത്യയിൽ നിന്നുമുള്ള തൊണ്ണൂറ്റിയെട്ട് ശതമാനം ഉല്പന്നങ്ങൾക്കും ഒമാനിലേക്ക് നികുതിയില്ലാതെ കയറ്റുമതി സാധ്യമാകും. ഇന്ത്യൻ കമ്പനികൾക്ക് നൂറ് ശതമാനം വിദേശനിക്ഷേപത്തിനാണ് അവസരം. കരാർ സേവന ദാതാക്കൾ, ബിസിനസ് സന്ദർശകർ, സ്വതന്ത്ര പ്രഫഷനൽസ് എന്നിവർക്ക് ഉയർന്ന നിലവാരത്തിലുള്ള താൽക്കാലിക എൻട്രി, താമസം എന്നിവ ഒമാനിൽ ലഭിക്കും.
ഇന്ത്യ-ഒമാൻ ബന്ധം
ഗൾഫ് മേഖലയിലെ ഇന്ത്യയുടെ ഏറ്റവും പഴക്കമേറിയ തന്ത്രപര പങ്കാളികളിലൊന്നാണ് ഒമാൻ. ഉന്നതതല രാഷ്ട്രീയ ഇടപെടലുകളും മന്ത്രിതല കൂടിക്കാഴ്ചകളും ഇരു രാജ്യങ്ങളുടെയും ബന്ധത്തിന്റെ ആഴവും പക്വതയും വ്യക്തമാക്കുന്നു. ചരിത്രപരമായി നിലനിൽക്കുന്ന ഇന്ത്യ–ഒമാൻ ബന്ധമാണ് മോദിയുടെ വരവോടെ കൂടുതൽ ശക്തമായത്.


