
റിയാദ്: ജിദ്ദയിൽ കനത്ത ഇടിയും മഴയും വെള്ളപ്പാച്ചിലും. വ്യാഴാഴ്ച രാവിലെ മുതലാണ് ജിദ്ദയിൽ ശക്തമായ ഇടിയോട്കൂടി മഴ കോരിച്ചൊരിഞ്ഞത്. രാവിലെ മുതൽ ആകാശം മൂടിക്കെട്ടുകയും ദൂരക്കാഴ്ച കുറയുകയും ചെയ്തിരുന്നു. രണ്ട്മണിക്കൂറിലധികം നീണ്ട മഴ താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. വീടുകൾക്കുള്ളിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കും വെള്ളം കയറി.
മുൻകരുതലായി റോഡിലെ അണ്ടർപാസ്വേകളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ചില അണ്ടർപാസ്വേകൾ ട്രാഫിക്ക് വിഭാഗം അടച്ചു. ചില റോഡുകളിൽ ഗതാഗത നിയന്ത്രണവുമേർപ്പെടുത്തിയിട്ടുണ്ട്. മക്ക മേഖലയിൽ ജിദ്ദയടക്കമുള്ള പട്ടണങ്ങളിൽ വ്യാഴാഴ്ച മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പും സിവിൽ ഡിഫൻസും ബുധനാഴ്ച വൈകീട്ട്തന്നെ മുന്നറിയിപ്പ്നൽകിയിരുന്നു. ഇതേതുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട മുൻകരുതലുകൾ എടുത്തിരുന്നു. സിവിൽ ഡിഫൻസ്, പൊലീസ്, മുനിസിപ്പാലിറ്റി എന്നീ വകുപ്പുകൾ ഏത്അടിയന്തിരഘട്ടവും നേരിടാനാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ജിദ്ദ, റാബിഖ്, ഖുലൈസ്എന്നിവിടങ്ങളിലെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകി. ജനങ്ങളോട് ജാഗ്രത പുലർത്താനും വേണ്ട മുൻകരുതലെടുക്കാനും ആവശ്യപ്പെട്ടു.
വിവിധ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് ഇന്ന് അവധി നൽകിയിരിക്കുകയാണ്. താഴ്വരകൾ മുറിച്ചു കടക്കരുതെന്നും സിവിൽ ഡിഫൻസ് നിർദേശങ്ങൾ പാലിക്കണമെന്നും ഉണർത്തി. വെള്ളം കയറാൻ സാധ്യതയുള്ള റോഡുകളിലും സിഗ്നലുകൾക്കടുത്തും സിവിൽ ഡിഫൻസ് സംഘത്തെ വ്യന്യസിച്ചു. മഴയുണ്ടാകുമെന്ന മുന്നറിയിപ്പ്വന്നതോടെ മുനിസിപ്പാലിറ്റിയും ആളുകളോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടിരുന്നു.
Read More - കനത്ത മഴയ്ക്ക് സാധ്യത; ജിദ്ദയില്‍ സ്‍കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു
മഴ വിമാനസര്‍വീസുകളെയും ബാധിച്ചു. പല വിമാനങ്ങളും സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. പുറപ്പെടേണ്ട വിമാനങ്ങളും സമയം പുനഃക്രമീകരിക്കുകയാണ്. യാത്രക്കാര്‍ പുതിയ സമയക്രമമറിയാന്‍ അതത് വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
Read More - കനത്ത മഴയില്‍ മുങ്ങി ജിദ്ദ; നിരവധിപ്പേര്‍ വെള്ളക്കെട്ടിൽ കുടുങ്ങി, വിമാന സർവിസുകളെയും ബാധിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ