
റിയാദ്: സൗദി അറേബ്യയിലെ നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യൻ സമൂഹം യാതൊരു കാരണവശാലും പരിഭ്രാന്തരാകേണ്ടതില്ലെന്നും, ഔദ്യോഗിക വിവരങ്ങളും നിർദേശങ്ങളും മാത്രം പിന്തുടരണമെന്നും സൗദിയിലെ ഇന്ത്യൻ അംബാസഡർ വിപുൽ അഭ്യർഥിച്ചു. റിയാദിലെ ഇന്ത്യൻ എംബസി കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത കമ്മ്യൂണിറ്റി നേതാക്കളുടെയും സന്നദ്ധപ്രവർത്തകരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും വളണ്ടിയർമാരും നേരിട്ടും ഓൺലൈൻ മാർഗത്തിലൂടെയും യോഗത്തിൽ പങ്കെടുത്തു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ അംബാസഡർ, എല്ലാവരും സ്വന്തം സുരക്ഷയ്ക്ക് മുൻഗണന നൽകി അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഓർമ്മിപ്പിച്ചു. സ്ഥിരീകരിക്കാത്ത വാർത്തകളും അഭ്യൂഹങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കരുത്. എംബസിയും സൗദി ഭരണകൂടവും നൽകുന്ന ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും അനാവശ്യ ഭീതി പരത്തുന്ന സന്ദേശങ്ങൾ പങ്കുവെക്കരുതെന്നും അദ്ദേഹം കർശന നിർദേശം നൽകി.
ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ആവശ്യങ്ങളും ഉറപ്പാക്കാൻ സൗദി ഭരണകൂടവുമായി ചേർന്ന് എംബസി സജീവമായി പ്രവർത്തിച്ചുവരികയാണ്. പ്രവാസികൾക്ക് ആവശ്യമായ സഹായങ്ങളും മാർഗനിർദേശങ്ങളും എപ്പോഴും ലഭ്യമാക്കുന്നതിനായി റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും ഹെൽപ് ഡെസ്കുകളും സജ്ജമാക്കിയിട്ടുണ്ട്.
കൺട്രോൾ റൂമുകളിലേക്ക് ലഭിക്കുന്ന കോളുകൾ സ്വീകരിക്കുക, സഹായം തേടുന്നവരുടെ വിവരങ്ങളും ആവശ്യങ്ങളും രേഖപ്പെടുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുക തുടങ്ങിയ ദൗത്യങ്ങളിൽ വളണ്ടിയർമാരുടെ സേവനവും ലഭ്യമാക്കും. പ്രവാസികളിലേക്ക് കൃത്യമായ വിവരങ്ങൾ എത്തിക്കുന്നതിലും സഹായങ്ങൾ ഏകോപിപ്പിക്കുന്നതിലും കമ്മ്യൂണിറ്റി നേതാക്കൾക്കും വളണ്ടിയർമാർക്കും നിർണായക പങ്കുണ്ടെന്ന് യോഗം വിലയിരുത്തി. എംബസിയുടെയും കോൺസുലേറ്റിന്റെയും എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ വാഗ്ദാനം ചെയ്തതായി കമ്മ്യൂണിറ്റി പ്രതിനിധികൾ അറിയിച്ചു.
അംബാസഡർ വിപുലിന് പുറമേ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ബഷീർ അഹമ്മദ്, കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിലർ വൈ. സാബിർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
റിയാദ് ഇന്ത്യൻ എംബസി:
ടോൾ ഫ്രീ നമ്പർ: 800 247 1234
ടെലിഫോൺ: +966 55 441 2016, +966 54 212 6784
വാട്ട്സ്ആപ്പ്: +966 53 621 6082
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്:
ടോൾ ഫ്രീ നമ്പർ: 800 244 0003
ലാൻഡ്ലൈൻ: +966 12 261 4093
മൊബൈൽ: +966 55 612 2301
വാട്ട്സ്ആപ്പ്: +966 53 620 9704
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam